സർക്കാർ ഭൂമിയിൽ കൃഷി ചെയ്‌തെന്നാരോപിച്ച് പോലിസ് വിള നശിപ്പിച്ചതിൽ മനംനൊന്ത് മധ്യപ്രദേശിൽ ദലിത് ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. ദമ്പതികളായ രാംകുമാർ അഹിർവാർ (37) സാവിത്രി അഹിർവാർ (35) എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൃഷിക്ക് കൊണ്ടുവന്ന കീടനാശിനി ഇരുവരും കഴിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിൽ ഗുണ ജില്ലയിലാണ് സംഭവം. ഭൂമിയിൽ നിന്നും പുറത്താക്കാനായി പോലിസ് ഇവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സർക്കാരിന്റെ വിശദീകരണമനുസരിച്ച് 2018 ൽ കോളജ് നിർമ്മിക്കുന്നതിനായി മാറ്റി വച്ച അഞ്ചേക്കർ ഭൂമിയാണിത്. രാംകുമാറും സാവിത്രി ദേവിയും ചേർന്ന് ഈ ഭൂമി കയ്യേറിയെന്നാണ് അധികൃതരുടെ ആരോപണം. സ്ഥലം ഒഴിപ്പിക്കാൻ മുമ്പ് ശ്രമം നടന്നിരുന്നെങ്കിലും കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് പരാജയപ്പെട്ടു.
ഇതാരുടെ ഭൂമിയാണെന്ന് അറിയില്ലെന്നും എന്നാൽ കഴിഞ്ഞ നാല് വർഷങ്ങളായി തങ്ങൾ ഇവിടെ കൃഷി ചെയ്യുകയാണെന്നും കർഷക ദമ്പതികൾ പറയുന്നു. ‘ഞങ്ങളുടെ കാർഷിക വിളകൾ നശിപ്പിച്ച സാഹചര്യത്തിൽ ആത്മഹത്യയല്ലാതെ മറ്റ് വഴികളൊന്നും മുന്നിലില്ല’. മൂന്ന് ലക്ഷം രൂപ കടമുണ്ടെന്നും സർക്കാർ അത് വീട്ടുമോ’ എന്നും ഇവർ ചോദിക്കുന്നു.
രാംകുമാറിനെ രക്ഷിക്കാനെന്ന പോലെ ചേർത്തുപിടിക്കുന്ന സാവിത്രി ദേവിയെ പൊലീസുകാരൻ ലാത്തികൊണ്ട് അടിക്കുന്നുണ്ട്. രാകുമാറിനും സാവിത്രി ദേവിക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് അതേ സമയം സഭവം വലിയ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. ബിഎസ്പി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പോലീസ് അതിക്രമത്തിൻ്റെ വീഡിയോ പങ്കുവച്ച് പ്രതിഷേധം പ്രകടിപ്പിച്ചു.
