ബിജെപിയുടെ പതിനഞ്ച് വർഷത്തെ തുടർച്ചയായ ഭരണം അവസാനിപ്പിച്ചാണ് കോൺഗ്രസ് സർക്കാർ മധ്യപ്രദേശിൽ അധികാരത്തിലേറിയത്. എന്നാൽ കോൺഗ്രസിലെ പ്രമുഖനായ ജ്യോതിരാദിത്യ സിന്ധ്യയെ ഓപ്പറേഷൻ താമരയിലൂടെ ബിജെപി പാളയത്തിലെത്തിച്ച് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് കഴിഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയും 22 കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് മറുകണ്ടം ചാടിയത് ചെറിയ വാഗ്ദാനങ്ങളിലല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സിന്ധ്യയ്ക്ക് 400 കോടി രൂപ ബിജെപി നൽകിയെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. കൂടാതെ മറ്റ് എംഎൽഎമാർക്ക് 35 മുതൽ 40 കോടി നൽകിയിട്ടുണ്ടെന്നും ആരോപണം ഉയരുന്നു.
ശിപായി ലഹള ഇല്ലാതാക്കാൻ സിന്ധ്യ രാജവംശം ബ്രിട്ടീഷുകാരുമായി കൈകോർത്തിരിരുന്നു. അതേ ചരിത്രമാണ് സിന്ധ്യയും ഇപ്പോൾ ചെയ്യുന്നതെന്ന് വിമർശനം ഉയർത്തിയ കോൺഗ്രസ് മുൻ മന്ത്രി സജ്ജൻ സിംഗ് വെർമയാണ് കോടികളുടെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ ഉപമുഖ്യമന്ത്രി പദമോ സംസ്ഥാന അധ്യക്ഷ പദവിയോ ലഭിക്കുമെന്നായിരുന്നു സിന്ധ്യയുടെ കണക്ക് കൂട്ടൽ. എന്നാൽ സിന്ധ്യയുടെ മോഹത്തിന് മുഖ്യമന്ത്രി കമൽനാഥ് തുരങ്കം തീർത്തു. ഇരുപദവിയും നൽകിയില്ലെന്ന് മാത്രമല്ല ഹൈക്കമാന്റിന്റെ പിന്തുണയും ഉറപ്പാക്കികൊണ്ടായിരുന്നു സിന്ധ്യയെ കമൽനാഥ് മാറ്റി നിർത്തിയത്.
