മധ്യപ്രദേശ് സംസ്ഥാന ഭരണം കോൺഗ്രസിന് നഷ്ടപ്പെടുമോ? കമൽനാഥ് സർക്കാരിന് ഭീഷണിയായി 8 ഭരണകക്ഷി എംഎൽഎമാർ ‘റിസോർട്ട് രാഷ്ട്രീയ’ത്തിലേക്ക് പ്രവേശിച്ചു. ബിജെപി വളരെ നാളുകളായി കളിക്കുന്ന പണവും വാഗ്ദാനങ്ങളും നൽകി എംഎൽഎമാരെ വാങ്ങുന്ന പരിപാടിയാണ് സംസ്ഥാനത്തും നടക്കുന്നതെന്ന് ആരോപണം ഉയരുകയാണ്.
എട്ട് ഭരണകക്ഷി എം.എൽ.എമാർ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തി. നാല് കോൺഗ്രസ് എം.എൽ.എമാരും, നാല് സ്വതന്ത്രരുമാണ് ഹോട്ടലിലെത്തിയത്. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മുൻമന്ത്രിയും എം.എൽ.എയുമായ നരോത്തം മിശ്രയുടെയും നേതൃത്വത്തിൽ സാമാജികരെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലിലുള്ള എം.എൽ.എമാരിൽ ഒരാളായ ബിസാഹുലാൽ സിംഗാണ് തന്നെ വിളിച്ച് വിവരമറിയിച്ചതെന്ന് മദ്ധ്യപ്രദേശ് മന്ത്രി തരുൺ തനോട്ട് പറയുന്നു. ‘ഹോട്ടലിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും, പുറത്തേക്ക് പോകാൻ അനുമതിയില്ലെന്നുമായിരുന്നു ബിസാഹുലാൽ എന്നോട് പറഞ്ഞത്. ഫോൺകോൾ കിട്ടിയതിന് പിന്നാലെ രണ്ട് മന്ത്രിമാർ ഹോട്ടലിൽ എത്തിയെങ്കിലും അകത്തേക്ക് കയറാൻ അനുമതി നൽകിയില്ല’- തരുൺ തനോട്ട് പറഞ്ഞു.
എം.എൽ.എമാരെ വിലയ്ക്കുവാങ്ങാൻ ബി.ജെ.പി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് നേരത്തെ ആരോപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നരോത്തം മിശ്രയും കോൺഗ്രസ് എം.എൽ.എമാർക്ക് 25 മുതൽ 35 ലക്ഷം രൂപവരെ വാഗ്‌ദാനം ചെയ്തെന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ ആരോപണം.
