മദ്‌റസാ അധ്യാപകരെ നിയമിക്കാന്‍ പോലീസ് അനുമതി; വിവാദ നിര്‍ദ്ദേശം പോലീസ് പിന്‍വലിച്ചു

മദ്‌റസാ അധ്യാപകരെ നിയമിക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്ന പോലീസ് നോട്ടീസ് വിവാദമായതോടെ പിന്‍വലിച്ചു. നോട്ടീസ് കൊടുത്ത സദുദ്ദേശ്യത്തെ മറ്റു ചിലര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചത് കൊണ്ടാണ് നോട്ടീസ് പിന്‍വലിച്ചതെന്ന് ചീമേനി പൊലീസ് സ്റ്റേഷന്‍ ജി.ഡി ഇന്‍ ചാര്‍ജ് ബ്രിജേഷ് വിശദീകരിച്ചു.

സ്‌കൂളുകളിലെ പീഡനത്തില്‍ നേരത്തെ സ്‌കൂള്‍ അധികൃതരെ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കാറാണെന്നും നിലവിലെ കോവിഡ് സാഹചര്യത്തില്‍ അതിന് സാധിക്കാത്തതിനാല്‍ മദ്രസ അധികൃതര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നെന്നുമായിരുന്നു നേരത്തെ പൊലീസ് നോട്ടീസിറക്കിയതിനെ ന്യായീകരിച്ചിരുന്നത്. വംശീയ മുന്‍വിധിയോടെയല്ല നോട്ടീസ് ഇറക്കിയതെന്നും അത് ചിലരുടെ വ്യാഖ്യാനമാണെന്നും ചീമേനി പൊലീസ് പറഞ്ഞു.

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണമാണ് ജില്ലയിലെ മദ്രസകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും മറ്റു നിയമനങ്ങള്‍ നടത്തുമ്പോള്‍ വ്യക്തിയുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച് നിയമന നടപടികള്‍ നടത്താന്‍ ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം നിയമനം നടത്തുന്ന കമ്മറ്റി അംഗങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു പൊലീസ് നോട്ടീസ്. മദ്‌റസക്ക് പുറമെ പള്ളിക്ക് കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലും പുതിയ ഉത്തരവ് ബാധകമാക്കിയിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ബേക്കല്‍ പൊലീസ് സ്റ്റേഷന്‍, ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലുമുള്ള മദ്രസ മാനേജുമെന്റുകള്‍ക്കായിരുന്നു കത്ത് നല്‍കിയത്.

ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമുള്ള കത്ത് പൊലീസിന്റെ മുസ്‌ലിം വിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്ന് കാണിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെ സോളിഡാരിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പൊലീസ് നോട്ടീസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്

 

Vinkmag ad

Read Previous

പൗരത്വ സമരം നയിച്ച ഷര്‍ജീല്‍ ഇമാമിന് കൊവിഡ് 19; രാഷ്ട്രീയ തടവുകാരോട് കണക്ക് തീർക്കാൻ കോവിഡിനെ ഉപയോഗിക്കുന്നെന്ന് വിമർശനം

Read Next

രാമക്ഷേത്ര നിർമ്മാണം രാജ്യത്തുനിന്നും കോവിഡിനെ അകറ്റും: ക്ഷേത്രം നിർമ്മിച്ചാലുള്ള ഉപയോഗം വ്യക്തമാക്കി ബിജെപി നേതാവ്

Leave a Reply

Most Popular