സംസ്ഥാനത്ത് മദ്യവിതരണം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബാറുകള്‍ ബെവ്‌കോയുമായി ഉണ്ടാക്കേണ്ട കരാര്‍ വൈകുന്നതിനാലാണ് മദ്യവില്‍പന പുനരാരംഭിക്കുന്നത് വൈകുന്നത്. ഇത് പൂര്‍ത്തിയാക്കി തിങ്കളാഴ്‌ച മുതൽ മദ്യവില്‍പന ആരംഭിക്കാനാകുമെന്നാണ് സൂചന.
മദ്യവിൽപ്പനയ്‌ക്കായുള്ള ആപ് പ്രവർത്തന സജ്ജമായി. ‘ബവ് ക്യൂ’ എന്നാണ് ആപ്പിനു പേരിട്ടിരിക്കുന്നത്. എക്‌സെെസ് അധികൃതരാണ് പേര് നൽകിയത്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിനാലാണ് പുതിയ പേര് നൽകിയതെന്നും എക്‌സെെസ് അധികൃതർ പറഞ്ഞു.
എറണാകുളം ആസ്ഥാനമായ കമ്പനിയാണ് മദ്യവിൽപ്പനയ്‌ക്കുള്ള ആപ് തയ്യാറാക്കിയത്. ഗൂഗിൾ സെക്യൂരിറ്റി ക്ലിയറൻസ് അടക്കം സാങ്കേതിക നടപടി ക്രമങ്ങൾ ഇന്ന് ഉച്ചയോടെ തന്നെ പൂര്‍ത്തിയാക്കി ആപ്പ് ട്രയൽ റണിന് സജ്ജമാക്കുമെന്നാണ് വിവരം. നാളെയും മറ്റന്നാളുമായി ആപ് ട്രയൽ റൺ നടത്തും. ശനിയാഴ്‌ച മുതൽ മദ്യവിൽപ്പന ആരംഭിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്തശേഷം ആദ്യം ജില്ല തിരഞ്ഞെടുക്കണം. മദ്യം വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പിൻകോഡ് നൽകിയാൽ അടുത്തുള്ള ബാറുകളുടെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പട്ടിക ലഭിക്കുകയും വേണ്ട കട തിരഞ്ഞെടുക്കുകയും ചെയ്യാം. ഓരോ ഔട്ട്‌ലെറ്റുകൾക്കും രാവിലെ മുതൽ ടൈം സ്ലോട്ടും ഉണ്ടാകും.
മദ്യം വാങ്ങാൻ താൽപ്പര്യമുള്ള സമയം തിരഞ്ഞെടുത്താൽ ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവയുടെ വിശദാംശം ലഭിക്കും. ഇതിൽ ഒരു ഔട്ട്‌ലെറ്റ് തിരഞ്ഞെടുത്താൽ ക്യു ആർ കോഡ് അല്ലങ്കിൽ ടോക്കൺ നമ്പർ ലഭിക്കും. നൽകുന്ന പിൻകോഡിന്റെ പരിധിയിൽ ഔട്ട്‌ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം. അനുവദിച്ച സമയത്ത് ഔട്ട്‌ലെറ്റിൽ എത്താനായില്ലെങ്കിലും വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.
സാധാരണ മൊബൈൽ ഉപയോഗിക്കുന്നവർക്ക് എസ്എംഎസ് അയച്ച് മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ സ്വന്തമാക്കാം. പിൻകോഡ് അടക്കമുള്ള വിശദംശങ്ങൾ നൽകിയിരിക്കുന്ന ഫോൺ നമ്പരിലേക്ക് എസ്എംഎസ് ആയി അയച്ചാൽ ടോക്കൺ ഉപയോക്താവിന്റെ ഫോണിലേക്കും എസ്എംഎസ് ആയി ലഭിക്കും.
