ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യക്കടകള്‍ മെയ് നാലിന് തുറക്കില്ലെന്ന് സര്‍ക്കാര്‍. മദ്യശാലകള്‍ മെയ് നാലിന് തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ബിവറേജ് കോർപ്പറേഷനുകൾ തുറക്കുമെന്ന വാർത്ത വന്നതോടെയാണ് മന്ത്രിയുടെ പ്രതികരണം. തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളടങ്ങിയ ഉത്തരവാണ് പുതിയ പ്രചരണത്തിന് കാരണമായത്.
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്‌കോ എംഡി നിര്‍ദേശം മാനേജര്‍മാര്‍ക്ക് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം വന്നാലുടന്‍ ഷോപ്പുകള്‍ തുറക്കാന്‍ സജ്ജമാകണം. തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ ഷോപ്പുകള്‍ വൃത്തിയാക്കണമെന്നും എംഡി നിര്‍ദേശം നല്‍കി.
കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കളെ തെര്‍മ്മല്‍ മീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കണം. കൈകഴുകാന്‍ സൗകര്യവും അണുനശീകരണ ലായനികളും കടകളില്‍ വേണം. സാമൂഹിക അകലം ഉറപ്പാക്കണം എന്നിങ്ങനെ പത്തുനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ മെയ് നാലിന് മദ്യക്കടകള്‍ തുറന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
