കേരളം അടച്ചിടാൻ തീരുമാനിച്ചപ്പോഴും ബിവറേജ് ഔട്ട്ലറ്റുകൾ തുറന്ന് വയ്ക്കാൻ തന്നെയായിരുന്നു സർക്കാർ തീരുമാനം. എന്നാൽ പ്രധാനമന്ത്രി രാജ്യമാകെ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചു.
സ്ഥിരം മദ്യപാനികൾക്ക് മദ്യം ലഭിക്കാതിരിന്നാൽ ഉണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസവും മന്ത്രി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ആശങ്കപ്പെട്ടതുപോലെ മദ്യം ലഭിക്കാത്തതുമൂലം യുവാവ് ആത്മഹത്യ ചെയ്തു.
കുന്നംകുളം തുവാനൂർ സ്വദേശി സനോജ്(35) ആണ് ആത്മഹത്യ ചെയ്തത്. മദ്യം കിട്ടാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ മൊഴിയെ ആധാരമാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സനോജ് അവിവാഹിതനാണ്.
ഇത്തരത്തിൽ മദ്യാസക്തി കാരണം ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരെയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്കും കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കും എക്സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങളെയും കൗണ്‍സിലിങ് സെന്‍ററുകളെയും ഉള്‍പ്പെടുത്തി സംവിധാനമുണ്ടാക്കിയിട്ടുണ്ട്.
മദ്യത്തിന് അടിമപ്പെട്ട ഒരാളില്‍ അത് ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രാരംഭ ലക്ഷണങ്ങളാണ് കൈവിറയല്‍, ഓക്കാനം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, സ്വഭാവത്തില്‍ ഉണ്ടാകുന്ന അകാരണമായ മാറ്റങ്ങള്‍ തുടങ്ങിയവ. ഇത്തരം അസ്വസ്ഥതകളുള്ളവര്‍ ആദ്യം ഏറ്റവും അടുത്തുള്ള ഡോക്ടറെ സമീപിക്കണം. താമസിക്കുന്ന സ്ഥലത്തെ ഏറ്റവും അടുത്തുള്ള എക്സൈസ് റേഞ്ച് ഓഫിസിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നേരിട്ടോ ടെലിഫോണിലൂടെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ലഭിക്കും. എക്സൈസ് വകുപ്പിന്‍റെ ടോള്‍ഫ്രീ നമ്പറായ 14405 ല്‍ ബന്ധപ്പെട്ടാലും സേവനങ്ങള്‍ ലഭ്യമാണ്.
