സംഘപരിവാറിന് അനുകൂലമായ ബോധം കുട്ടികളിൽ വളർത്താൻ മദ്ധ്യപ്രദേശിൽ ആർഎസ്എസ് ശ്രമം. ഇതിനായി സംസ്ഥാനത്തെ 31 ജില്ലകളിൽ ബാലഗോകുലത്തിലേക്ക് ആയിരംപേരെ ആർഎസ്എസ് നിയോഗിച്ചു.
കുട്ടികൾക്ക് രാജ്യസ്‌നേഹം പഠിപ്പിക്കുന്നെന്ന രീതിയിലാണ് പഠനം ആരംഭിക്കാൻ ശ്രമിക്കുന്നത്. കൂട്ടത്തില്‍ സംഘപരിവാര്‍ ആശയങ്ങളും അവതരിപ്പിക്കും. ആഗസ്റ്റ് മുതല്‍ മദ്ധ്യപ്രദേശിലെ ഗ്രാമങ്ങളിലെ 600 പാഠശാലകളിലൂടെ ദേശസ്‌നേഹത്തിലെ ആര്‍എസ്എസ് ചിന്തകള്‍, സദാചാര, സാംസ്‌ക്ക്കാരിക മൂല്യങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നുണ്ട്.
കോവിഡിന്റെ പശ്ചാത്തിലത്തില്‍ സ്‌കൂളുകള്‍ അടച്ച് ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ വഴി ആയതോടെ അനേകം കുട്ടികള്‍ക്കാണ് ക്ലാസ്സുകള്‍ നഷ്ടമായത്. ഇവര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാത്തതാണ് കാരണമായി മാറുന്നത്. ഇത്തരം കുട്ടികളെ സഹായിക്കാനെന്ന പേരിലാണ് ബാലഗോകുലത്തിന് കീഴില്‍ 1000 സെൻ്ററുകൾ തുറന്നിരിക്കുന്നത്. ഇവിടെ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ക്ലാസ്സെടുക്കും.
പുസ്തകങ്ങളുടെയും സാമൂഹ്യ റേഡിയോകളുടെയും സഹായത്താല്‍ ദിവസേനെ മൂന്ന് മണിക്കൂറാണ് ക്ലാസ്സ്. രാഷ്ട്ര സേവികാ സമിതിയില്‍ നിന്നുള്ള വനിത പ്രതിനിധികളും ക്ലാസ്സ് എടുക്കാനുണ്ട്. സിലബസ് പ്രകാരം ക്ലാസ്സ് എടുക്കുന്നതിനൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റും കഥകളും രാജ്യത്തിന്റെ സാംസ്‌ക്കാരിക നിലപാടുകളെ കൂടി നല്‍കി കുട്ടികളില്‍ രാജ്യസ്‌നേഹം നില നില്‍ക്കാനുള്ള കാര്യങ്ങളും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പിന്നാക്ക പ്രദേശങ്ങളിലാണ് കൂടുതല്‍ ക്ലാസ്സുകള്‍. പിന്നാക്ക വിഭാഗങ്ങള്‍ കൂടുതലുള്ള 1000 കേന്ദ്രങ്ങളില്‍ അടുത്ത രണ്ടാഴ്ച തന്നെ ക്ലാസ് തുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍.
