അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിനുശേഷം ഹിന്ദുത്വ ശക്തികള്‍ രാജ്യത്തെ മതേതരത്വത്തെ വീണ്ടും വെല്ലുവിളിച്ച് രംഗത്തെത്തുമോ എന്ന ആശങ്ക ശരിവയ്ക്കുന്ന തരത്തില്‍ സംഘപരിവാര്‍ സംഘടിക്കുന്നതായി റിപോര്‍ട്ടുകള്‍. രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള മുദ്രാവാക്ക്യങ്ങളുയര്‍ത്തി അയോധ്യയിലെ ഭൂമി പൂജയ്ക്ക്‌ശേഷം വിവിധ ഹിന്ദുസംഘടനകള്‍ വീണ്ടും രാജ്യവ്യാപക പ്രചരണങ്ങള്‍ക്കൊരുങ്ങുകയാണെന്നാണ് റിപോര്‍ട്ടുകള്‍.
അയോധ്യയ്ക്ക് ശേഷം മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി പിടിച്ചെടുക്കലെന്ന അജണ്ടയുമായി സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പതിനാലു സംസ്ഥാനങ്ങളില്‍ നിന്നായി ഹിന്ദുത്വ സംഘടനകളിലെ എണ്‍പതോളം പേര്‍ ചേര്‍ന്ന് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് രൂപികരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള മുസ്ലീം പ്രാര്‍ത്ഥന നടക്കുന്ന സ്ഥലമാണ് ഇവരുടെ ലക്ഷ്യം. ഷാഹി ഈദ്ഗാഹ് കേന്ദ്രത്തെ ചൊല്ലി വര്‍ഷങ്ങളായി സംഘപരിവാര്‍ അവകാശമുന്നയിക്കുന്നുണ്ട്. ഈ അവകാശവാദവുമായി ട്രസറ്റ് രൂപികരിച്ചതോടെ ഇത് രാജ്യവ്യാപകമായ സാമുദായിക സംഘര്‍ഷത്തിനിടയാക്കും.ബാബറിമസ്ജിദ്തര്‍ക്കത്തില്‍ രാജ്യത്തുണ്ടായ നിരവധി കലാപങ്ങള്‍ ഇതിനുദാഹരണമാണ്. ഇന്ന് ബിജെപി കേന്ദ്രംഭരിക്കുമ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ ഇത്തരത്തിലൊരു മുദ്രാവാക്കമുയര്‍ത്തുന്നത് ന്യൂനപക്ഷങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു.
കൃഷ്ണ ജന്മഭൂമിക്കായി പോരാട്ടം തുടങ്ങിക്കഴിഞ്ഞുവെന്നാണ് ട്രസ്റ്റിന്റെ തലവനായ ആചാര്യ ദേവ്മുരാരി മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യ ഘട്ടത്തില്‍ ഒപ്പുശേഖരണം നടത്തിയതിന് ശേഷം രാജ്യവ്യാപകമായ ഒരു പ്രസ്ഥാനം ഇതിനുവേണ്ടി ആരംഭിക്കും.
1992 ല്‍ ബാബറി പള്ളി പൊളിച്ചുമാറ്റിയ ശേഷം വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) മഥുരയിലെ കൃഷ്ണ ജന്മഭൂമിയുടെയും മോചനവും വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും അതിന്റെ അജണ്ടയിലാണെന്ന് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അയോധ്യയ്ക്ക് ശേഷം കാശിയിലെ ഗ്യാന്‍വാപ്പി പള്ളിയും മഥുരയിലെ ഈദ്ഗാഹുള്‍പ്പെടെ മൂവായിരം പള്ളികള്‍ക്കാണ് സംഘപരിവാരം അവകാശവാദമുന്നയിച്ചത്.
1991 സെപ്റ്റബറില്‍ പിവി നരസിംഹറാവുവിന്റെ കാലത്ത് പാസാക്കിയ നിയമനുസരിച്ച് 1947 ഓഗസ്റ്റ് 15ന് ഉണ്ടായിരുന്ന തല്‍സ്ഥിതിയായിരിക്കും രാജ്യത്തെ ആരാധനാലയങ്ങളുടേത്. സംഘപരിവാര സംഘടനകളുടെ അവകാശ വാദത്തെ തടയിടുന്നതിനായിരുന്നു ബിജെപിയുടെ കടുത്ത എതിര്‍പ്പ് മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത്. എന്നാല്‍ ഈ നിയമത്തെ വെല്ലുവിളിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെ പുതിയ നീക്കം.
