സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് നടപടികൾ നേരിടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഇസ്ലാം വിദ്വേഷം പ്രചരിപ്പിച്ചതിന് മൂന്ന് ഇന്ത്യക്കാർകൂടി നടപടി നേരിടുന്നു. റാവത് രോഹിത്, സച്ചിൻ കിന്നിഗൊലി, പ്രമുഖ സ്ഥാപനത്തിലെ കാഷ്യർ എന്നിവർക്കെതിരെയാണ് അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ നടപടിയെടുത്തത്.
നേരെത്തെ, യുഎഇയിലെ ട്രാൻസ് ഗാർഡ് ഗ്രൂപ്പ് ശക്തമായ മുന്നറിയിപ്പാണ് ഇത് സംബന്ധിച്ച് നൽകിയിരുന്നത്. ഒരാഴ്ചക്കിടെ ഫേസ് ബുക്കിൽ ഇവരിട്ട ഇസ്ലാമോഫോബിക് പോസ്റ്റുകൾ സ്ഥാപന ഉടമകളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
ദുബൈയിലെ പ്രമുഖ ഇറ്റാലിയൻ റസ്റ്റാറൻറായ അസാദി ഗ്രൂപ്പിലെ ഷെഫായ റാവത് രോഹിത്. ഷാർജയിലുള്ള സ്റ്റോർ കീപ്പർ സച്ചിൻ കിന്നിഗൊലി എന്നിവരാണ് നടപടി നേരിട്ടത്. ഇരുവരെയും സസ്പെൻഡ് ചെയ്തതായി സ്ഥാപന മേധാവികൾ അറിയിച്ചു. ഇരുവരുടെയും ശമ്പളം പിടിച്ചുവെച്ചിരിക്കുകയാണെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ ജോലിക്ക് വരേണ്ടതില്ലെന്നും ഇവരെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ടെന്നും ആരെയെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും സ്ഥാപനങ്ങൾ അറിയിച്ചു. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാൻസ്ഗാർഡ് ഗ്രൂപ്പാണ് മറ്റൊരു ജീവനക്കാരനെ പുറത്താക്കിയത്. വിശാൽ ഠാക്കൂർ എന്ന പേരിലാണ് ഇയാൾ ഫേസ്ബുക്കിൽ ഇസ്ലാമോഫോബിക് പോസ്റ്റുകൾ കുറിച്ചിരുന്നത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് പോസ്റ്റിന് പിന്നിലെ യഥാർഥ മുഖം തിരിച്ചറിഞ്ഞത്. ഇയാളെ പുറത്താക്കുകയും അധികൃതർക്ക് കൈമാറുകയും ചെയ്തു. ഇയാൾ ദുബൈ പോലിസിൻ്റെ കസ്റ്റഡിയിലാണ്.
