മണിപ്പൂരിൽ ബിജെപി മന്ത്രിസഭ തകർച്ചയുടെ വക്കിൽ. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ സഹായത്തോടെയാണ് സംസ്ഥാനത്ത് ബിജെപി ഭരണം പിടിച്ചെടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ ഒതുക്കിയാണ് അപ്രതീക്ഷിതമായി ബിജെപി ഭരണത്തിലേറിയത്.
എന്നാൽ സഖ്യകക്ഷിയായ എൻപിപിയുടെ നാല് മന്ത്രിമാരും ക്യാബിനറ്റിൽ നിന്നും രാജിവച്ചിരിക്കുന്നെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി .ജോയ്കുമാർ സെൻ ഉൾപ്പെടെയാണ് രാജിവച്ചത്. ഭൂരിപക്ഷത്തിന് ആറ് സീറ്റ് കുറവുണ്ടായിരുന്ന ബിജെപിക്ക് ഇവരുടെ സഹായമില്ലാതെ ഭരിക്കാനാകില്ല.
നേരത്തെ മൂന്ന് ബിജെപി എംഎൽഎമാർ പാർട്ടിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. എസ്.സുഭാഷ് ചന്ദ്ര സിംഗ്, ടി.ടി. ഹവോകിപ്, സാമുവൽ ജെന്റായി എന്നീ എം.എൽ.എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കൂടാതെ, തൃണമൂൽ കോൺഗ്രസിന്റെ ടി.റോബിന്ദ്രോ സിംഗും സ്വതന്ത്ര എം.എൽ.എ ഷഹാബുദ്ധീനും ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ മണിപ്പൂരിൽ ബിരേൻസിംഗ് സർക്കാരിന്റെ നിലനില്പ് പ്രതിസന്ധിയിലായി.
2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 28 എം.എൽ.എമാരുമായി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60അംഗ നിയമസഭയിൽ നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവ നാല് സീറ്റ് വീതം നേടി. 21 സീറ്റ് നേടിയ ബി.ജെ.പിയെയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.
