മുസ്ലിം വിഭാഗത്തോട് മണിപൂർ സർക്കാർ കാണിക്കുന്ന വിവേചനത്തെക്കുറിച്ച് ലേഖനമെഴുതിയ വിദ്യാർത്ഥിയെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ചിങ്കിസ് ഖാനെയാണ് അറസ്റ്റ് ചെയ്തത്.
മണിപൂരിലെ പ്രാദേശിക പത്രത്തില്‍ പൊളിറ്റിക്കൽ പ്ലോയ് ടു പുഷ് മുസ്ലിം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനമാണ് അധികാരികളെ വിളറി പിടിപ്പിച്ചത്. മണിപൂരിലെ പംഗൽ വിഭാഗത്തിൽപ്പെടുന്ന മുസ്‌ലിങ്ങളോട് സംസ്ഥാനം വിവേചനം കാണിക്കുന്നുവെന്നാണ് ലേഖനത്തില്‍ പറയുന്നത്.
ഖേത്രി ബെന്‍ഗൂണ്‍ ചിംഗിലെ 500ഓളം വീടുകള്‍ ഒഴിപ്പിച്ച ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെയും ലേഖനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് ഒരു പുനരധിവാസവും ഇതുവരെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയിട്ടില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിരവധി ദേശീയ-പ്രാദേശിക പത്രങ്ങളില്‍ കോളമിസ്റ്റാണ് ചിങ്കിസ് ഖാന്‍. ലേഖനം സാമുദായിക പരമായ വിയോജിപ്പ് സൃഷ്ടിക്കുമെന്ന് കാണിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. നിരവധി വിദ്യാർത്ഥി സംഘനടകൾ അന്യായമായ അറസ്റ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
