മകളെ അപമാനിച്ച യുവാക്കളെ ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; വയാനാട്ടിലെ ഗുണ്ടകള്‍ക്ക് പോലീസ് സംരക്ഷണം

മകളെ അപമാനിച്ച യുവാക്കളെചോദ്യം ചെയ്ത പിതാവിനെ തല്ലിചതച്ച സംഭവത്തില്‍ പോലീസിന്റെ പോലീസിന്റെ ഒത്തുകളി. ക്രൂരമായ മര്‍ദ്ദനമേറ്റ പിതാവും അപമാനിതയായ പെണ്‍കുട്ടിയും നല്‍കിയ പരാതി അട്ടിമറിയ്ക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ പരസ്യമായി രംഗത്തെത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളിലാരെയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഒളിവിലാണെന്നാണ് പോലസ് നിലപാട്. എന്നല്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമവും തുടങ്ങി. പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.

പൊലീസ് നിര്‍ബന്ധിച്ച് പരാതിയില്‍ മാറ്റം വരുത്തിയതായും കേസ് പ്രതികള്‍ക്ക് സഹായകമായ രീതിയില്‍ ദുര്‍ബലമാക്കുകയാണെന്ന ആക്ഷേപവും കുടുംബത്തിനുണ്ട്. എഫ്ഐആറില്‍ തങ്ങള്‍ പറഞ്ഞതുപോയെല്ല രേഖപ്പെടുത്തിയതെന്നും ഇതെല്ലാം പ്രതികളെ സഹായിക്കാനാണെന്നാണ് പെണ്‍കുട്ടിയും കുടുംബവും ചൂണ്ടിക്കാട്ടുന്നത്. ആദ്യം പരാതിയുമായി എത്തിയപ്പോള്‍ ‘നിനക്ക് 20 വയസേയുള്ളൂ, ഫ്യൂച്ചര്‍ നോക്കണം, ആണുങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല’ എന്ന് പറഞ്ഞ് പരാതി നല്‍കാനെത്തിയ തങ്ങളെ പൊലീസ് നിരുസാഹപ്പെടുത്തുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.

വയനാട് മാനന്തവാടിക്ക് സമീപം മുതിരേരി സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അഞ്ചംഗ സംഘം അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവം പെണ്‍കുട്ടി പറയുന്നത് ഇങ്ങനെയാണ്. ‘വെള്ളില്ലാതിരുന്നതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച്ച വൈകിട്ട് ഞാനും കൂട്ടുകാരിയും വീടിന് സമീപമുള്ള പുഴയില്‍ കുളിക്കാന്‍ പോയത്. ഞങ്ങള്‍ കുളിക്കാന്‍ തുടങ്ങിയപ്പോള്‍ പുഴയ്ക്ക് അക്കരെ പ്രതികള്‍ വന്നു. അവര്‍ ഞങ്ങളെ നോക്കി അശ്ലീലങ്ങള്‍ പറയാന്‍ തുടങ്ങി. പെട്ടെന്ന് കുളിച്ചിട്ടു പോകാന്‍ നോക്കിയപ്പോള്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയ നിനോജ് എന്നയാള്‍ മൊബൈലില്‍ ഞങ്ങളുടെ ഫോട്ടോയെടുത്തു. അയാള്‍ ഫോട്ടോയെടുക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടതാണ്.

അനുവാദമില്ലാതെ ഞങ്ങളുടെ ഫോട്ടോയെടുക്കുന്നതെന്തിനാണെന്നു ചോദിച്ച് ഞാന്‍ അയാളെ ചോദ്യം ചെയ്തു. ഉടനെ നിനോജിന്റെ കൂടെയുണ്ടായിരുന്ന അനൂപ് എന്നയാള്‍ എന്നെ തെറി പറയാന്‍ തുടങ്ങി. ഇതോടെ എത്രയും പെട്ടെന്ന് പുഴയില്‍ നിന്നും പോകാന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍ നിനോജും അനീഷ് എന്നയാളും പുഴ കടന്ന് ഇക്കരെയെത്തി ഞങ്ങളെ തടഞ്ഞു. ഞങ്ങളവരെ കടന്നു പോകാന്‍ നോക്കിയപ്പോള്‍ നിനോജ് എന്റെ കൈയില്‍ കയറിപ്പിടിച്ചിട്ട് ഞാന്‍ പറയുന്നത് കേട്ടിട്ട് പോയാല്‍ മതിയെടി എന്നു പറഞ്ഞു ദേഷ്യപ്പെട്ടു. ഫോട്ടോ എടുത്തത് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഞങ്ങള്‍ രണ്ടുപേരും ഉറക്കെ നിലവിളിച്ചു. ഇതോടെ നിനോജും അനീഷ് പുഴയിലേക്ക് ചാടി അക്കരയിലേക്ക് നീന്തിപ്പോയി.

എന്റെ കരച്ചില്‍ കേട്ടാണ് അച്ഛന്‍ ഓടി വരുന്നത്. അച്ഛന്‍ പറമ്പില്‍ പുല്ല് പറിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് അച്ഛന്‍ ചോദിച്ചിട്ടും പേടി കൊണ്ട് ആദ്യമൊന്നും എനിക്ക് പറയാന്‍ കഴിഞ്ഞില്ല. കുറച്ച് സമയമെടുത്തിട്ടാണ് ഞാന്‍ നടന്ന കാര്യം പറയുന്നത്. അച്ഛന്‍ ഉടനെ പുഴയ്ക്കരയ്ക്ക് അവരെ നോക്കി പോയി. അവിടെ ചെന്നപ്പോഴാണ് അവര്‍ അഞ്ചുപേരും ചേര്‍ന്ന് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചത്. വടിയും കല്ലുമൊക്കെ കൊണ്ടാണവര്‍ അച്ഛനെ തല്ലിയത്. വടികൊണ്ട് കുത്തി അച്ഛന്റെ ഒരു പല്ലും കളഞ്ഞു. അച്ഛന്റെ കരച്ചില്‍ കേട്ടാണ് വീട്ടില്‍ നിന്നും ചേട്ടന്‍ ഓടി വരുന്നത്. ചേട്ടനെ കണ്ടപ്പോള്‍ അവര്‍ അച്ഛനെ ഇട്ടിട്ട് ഓടിക്കളഞ്ഞു’.

എന്നാല്‍ നടന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടും തങ്ങള്‍ക്ക് അനുകൂലമായ സമീപനമല്ല പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പെണ്‍കുട്ടിയും കുടുംബവും പറയുന്നത്. ഇവര്‍ ആദ്യം പരാതിയുമായി പോയത്, തലപ്പുഴ സ്റ്റേഷനിലായിരുന്നു. ഈ സ്റ്റേഷന്‍ പരിധിയിലാണ് ഇവരുടെ വീട്. എന്നാല്‍ അച്ഛനെ അക്രമിച്ചത് പുഴയ്ക്കക്കരെ ആയതിനാല്‍, ആ ഭാഗം ഉള്‍പ്പെടുന്ന മാനന്തവാടി സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു തലപ്പുഴ സ്റ്റേഷനില്‍ നിന്നും പറഞ്ഞത്. ‘എന്നെ അപമാനിച്ച കാര്യം പരാതിയായി എഴുതിക്കൊണ്ടു പോയിട്ടും അതൊന്നും വാങ്ങി വായിച്ചു നോക്കാന്‍ പോലും തയ്യറാകാതെ ഞങ്ങളെ മാനന്തവാടി സ്റ്റേഷനിലേക്ക് പറഞ്ഞുവിടുകയായിരുന്നു ആ പൊലീസുകാര്‍ ചെയ്തത്’, പെണ്‍കുട്ടി പറയുന്നു.

മാനന്തവാടി സ്റ്റേഷനില്‍ സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് പെണ്‍കുട്ടിയും പിതാവും ചെല്ലുന്നത്. രണ്ട് സംഭവങ്ങളും ചേര്‍ത്ത് ഒറ്റക്കേസായി മുന്നോട്ടു പോകാനായിരുന്നു പരാതിക്കാരുടെ തീരുമാനം. എന്നാല്‍ പൊലീസ് രണ്ടും രണ്ടു കേസുകളായാണെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിനെ അക്രമിച്ച പരാതിയിലാണ് ആദ്യം എഫ് ഐ ആര്‍ ഇട്ടത്. ‘ഞങ്ങള്‍ പറഞ്ഞതല്ല പൊലീസ് രേഖപ്പെടുത്തിയത്. കല്ലും വടിയും കൊണ്ടാണവര്‍ അച്ഛനെ ആക്രമിച്ചത്. വടികൊണ്ട് ഇടിച്ചാണ് അച്ഛന്റെ പല്ല് കളഞ്ഞത്. പക്ഷേ, പൊലീസ് എഫ്ഐആറില്‍ എഴുതിയത് കൈകൊണ്ട് അടിച്ചാണ് പല്ലു കളഞ്ഞതെന്നാണ്. അതിനു കാരണമായി ഞങ്ങളോട് പറഞ്ഞത്, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്‍ ആയുധങ്ങള്‍ ഉപയോഗിച്ചല്ല അക്രമിച്ചതെന്നാണ് പറയുന്നതെങ്കില്‍ കേസ് തള്ളിപ്പോകുമെന്നാണ്. പരാതി എങ്ങനെ വേണമെന്ന് പൊലീസ് ഞങ്ങളോട് ഇങ്ങോട്ട് പറയുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ തന്ന സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്നത് കൈകൊണ്ടുള്ള മര്‍ദ്ദനത്തിലല്ല പല്ല് പോയതെന്നാണ്’, പെണ്‍കുട്ടി പറയുന്നു. കൈകൊണ്ട് മര്‍ദ്ദിച്ചതായി എഫ്ഐആര്‍ ഇട്ടിരിക്കുന്നത് കേസ് ദുര്‍ബലപ്പെടുത്താനാണെന്നാണ് ഇവരുടെ പരാതി. മാത്രമല്ല, ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ഈ കേസില്‍ പ്രതികള്‍ക്കെതിരേ ചാര്‍ജ് ചെയ്തിരിക്കുന്നതെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.

ഒമ്പതാം തീയതി മാനന്തവാടി സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച കാര്യവും പെണ്‍കുട്ടിയും പിതാവും പൊലീസിനോട് പറഞ്ഞിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനോ എഫ്ഐആര്‍ ഇടാനോ തയ്യാറായില്ലെന്നും പരാതിയുണ്ട്. പിറ്റേദിവസം വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. താന്‍ പറഞ്ഞതുപോലെയല്ല, പൊലീസ് മൊഴി രേഖപ്പെടുത്തിയതെന്ന ആരോപണവും പെണ്‍കുട്ടി ഉന്നയിക്കുന്നുണ്ട്. ‘അച്ഛനെ ആക്രമിക്കാനുള്ള കാരണം എന്നെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതുകൊണ്ടാണെന്ന് പൊലീസിനോട് പറഞ്ഞതാണ്. പക്ഷേ, പൊലീസ് ഗൗരവത്തോടെയല്ല പെരുമാറിയത്.

ഫോട്ടോ എടുത്തതിനോ തെളിവുണ്ടോ? ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതല്ലേയുള്ളൂവെന്നൊക്കെയാണ് പൊലീസുകാര്‍ ചോദിക്കുന്നത്. പിറ്റേ ദിവസം വീട്ടില്‍ വന്ന് എന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴും പറഞ്ഞത്, ഫോട്ടോയെടുക്കാന്‍ ശ്രമിച്ചൂ എന്നു പറഞ്ഞാല്‍ മതി, ഫോണ്‍ പരിശോധിക്കുമ്പോള്‍ ഫോട്ടോയില്ലെങ്കില്‍ കേസ് തള്ളിപ്പോകുമെന്നാണ്. പൊലീസുകാര്‍ തന്നെ അങ്ങനെ പറഞ്ഞപ്പോള്‍, ഞങ്ങളത് വിശ്വസിച്ചുപോയി. ഫോട്ടോയെടുക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടതാണ്. അക്കാര്യം പൊലീസിനോട് പറഞ്ഞതുമാണ്. പക്ഷേ, അവര്‍ ഇങ്ങോട്ട് പറയുന്നത് പരാതിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്നു മതിയെന്നാണ്.’

അനുവാദമില്ലാതെ തന്റെ ഫോട്ടോയെടുത്തത് കൂടാതെ കൈയില്‍ കയറി പിടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പ്രതികള്‍ക്കെതിരേ പെണ്‍കുട്ടി പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞപ്പോള്‍ സദാചാര ഉപദേശമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ‘പ്രതികളിലൊരാള്‍ എന്റെ കൈയില്‍ കയറി പിടിച്ചെന്നു പറഞ്ഞപ്പോള്‍ പൊലീസുകാര്‍ എന്നോട് പറഞ്ഞത് നീ 20 വയസുള്ളൊരു പെണ്‍കുട്ടിയാണ്, നിന്റെ ഫ്യൂച്ചര്‍ നോക്കണം, ആണുങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു’.

Vinkmag ad

Read Previous

അനാഥയായ ഹിന്ദുയുവതിയ്ക്ക് മംഗല്യമൊരുക്കി മഹല്ല് കമ്മിറ്റി; ഒരു നാടിന്റെ നന്മയില്‍ കയ്യടിച്ച് സോഷ്യല്‍ മീഡിയ

Read Next

കോവിഡ് ബാധിച്ച് യുഎഇയിലും സൗദിയിലും കുവൈത്തിലും മലയാളികള്‍ മരിച്ചു; ബ്രിട്ടണില്‍ മരിച്ചത് മലയാളിയായ വനിതാ ഡോക്ടര്‍ മലയാളികളുടെ മരണം 122 കടന്നു

Leave a Reply

Most Popular