ഭീകരക്കേസിൽ അറസ്റ്റിലായ ജമ്മു കശ്മീർ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിന് പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ്റെ സഹായവും ലഭിച്ചിരുന്നതായി എൻഐഎ. ഇയാൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ദേവീന്ദർ സിങ് പാക്ക് ഹൈക്കമ്മിഷനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പറയുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് 3 ലഷ്കർ ഭീകരർക്കൊപ്പം ദേവീന്ദർ സിങ്ങിനെ ജമ്മു കശ്മീർ പൊലീസ് പിടികൂടിയത്. ഷോപ്പിയാനിലെ ഹിസ്ബുൽ കമാൻഡർ സയീദ് നവീദ് മുഷ്താഖ് എന്ന നവീദ് ബാബു, ഇർഫാൻ ഷാഫി മിർ, റാഫി അഹമ്മദ് റാത്തർ, തൻവീർ അഹമ്മദ് മിർ, നവീദ് ബാബുവിന്റെ സഹോദരൻ സയീദ് ഇർഫാൻ അഹമ്മദ് എന്നിവരായിരുന്നു ദേവീന്ദറിൻ്റെ പ്രധാന കൂട്ടാളികൾ.
ബാബു, റാഫി, ഇർഫാൻ എന്നിവരോടൊപ്പമാണ് ദേവീന്ദറിനെ അറസ്റ്റ് ചെയ്തത്. നേരത്തേ 2 തവണ ഇയാൾ ഭീകരരെ കാറിൽ കടത്തിയിരുന്നതായി കുറ്റപത്രത്തിൽ പറഞ്ഞു.
പുൽവാമയടക്കമുള്ള പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്ന ദേവീന്ദർ കശ്മീരിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ ശേഷം അവിടം സന്ദർശിച്ച വിദേശ നയതന്ത്രപ്രതിനിധികൾക്കൊപ്പവും സഞ്ചരിച്ചിരുന്നു. ഹിസ്ബുൽ മുജാഹിദീനുമായി ബന്ധങ്ങളുണ്ടായിരുന്ന ഇയാൾ പാക്ക് ഹൈക്കമ്മിഷനിലെ ഷഫ്ഖാത് എന്ന അസിസ്റ്റന്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളുണ്ട്.
കശ്മീരിലെ തന്ത്രപ്രധാന സൈനിക നീക്കങ്ങൾ, കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചാണ് പാക്ക് ഹൈക്കമ്മിഷന് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. കഴിഞ്ഞ മാസം പാക്ക് ഹൈക്കമ്മിഷൻ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ തിരിച്ചു പോയവരിൽ ഷഫ്ഖാത്തുമുണ്ട്.
പാക്കിസ്ഥാനിലെ ഹിസ്ബുൽ നേതാക്കളുമായും ഐഎസ്ഐയുമായും നിരന്തരം ഇവർ ബന്ധപ്പെട്ടിരുന്നു. ഇർഫാൻ 4 തവണ പാക്കിസ്ഥാനിൽ പോയിരുന്നു. ഇതിനു പുറമേ കശ്മീരിലെ അനേകം പേർക്ക് പാക്കിസ്ഥാനിലെ ബന്ധുക്കളെ സന്ദർശിക്കാൻ വീസയും സംഘടിപ്പിച്ചു നൽകി.
