നാട്ടിലേയ്ക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മുംബൈയില്‍ ലോക് ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങി.ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ട് സമീപത്തെ ചേരിയിലെ ആളുകളും സംഘത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പിരിഞ്ഞുപോകണമെന്ന് പോലീസ് നിര്‍ദ്ദേശം ലംഘിച്ചതോടെ പോലീസ് ലാത്തിവീശി.
കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണില്ലായ്മയുടെ ഫലമാണ് ബാന്ദ്ര സ്റ്റേഷനിലെ ജനക്കൂട്ടമെന്ന് ശിവസേന എംഎല്‍എ ആദിത്യ താക്കറെ ആരോപിച്ചു.സൂററ്റിലുണ്ടായ കാലപവും ബാന്ദ്ര സ്റ്റേഷനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക മടങ്ങാനുള്ള സംവിധാനമൊരുക്കാത്തതിന്റെ ഫലമാണെന്നും ആദിത്യ താക്കറെ പറഞ്ഞു.
പ്രധാനമന്ത്രി ലോക്ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരന്നതെന്നാണ് വിവരം. രാജ്യത്ത് മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയത് ഞെട്ടലുളവാക്കിയിരിക്കുകയാണ്.
