ചങ്ങനാശ്ശേരിയില്‍ അതിഥി സംസ്ഥാനതൊഴിലാളികള്‍ കൂട്ടാമായി പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ഭക്ഷണത്തിന് വേണ്ടിയല്ലെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ ബാബു. നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ നാട്ടിലേയ്ക്ക് പോയ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ആവശ്യമുന്നയിച്ച് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. കേരളീയഭക്ഷണം അവര്‍ക്ക് പറ്റാത്തതിനാല്‍ സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കി. ഭക്ഷണമില്ലായെന്ന പരാതി ആരോടും പറഞ്ഞിട്ടില്ല- കളക്ടര്‍ പറഞ്ഞു.
നാട്ടിലേക്ക് പോകണമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു. നാട്ടിലേയ്ക്ക് പോവുക എന്നത് നടപ്പാക്കാന്‍ കഴിയാത്ത കാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു. അതിഥിതൊഴിലാളികള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നുണ്ട്. ഇന്നലെവരെ ഈ ആവശ്യമുന്നയിച്ച് ആരും പറഞ്ഞിട്ടില്ല.
