കൊറോണ വൈറസ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരാവസ്ഥയില്‍ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നുസെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് എന്‍.എച്ച്.എസ് ആശുപത്രിയിലാണ് ബോറിസ് ജോണ്‍സണ്‍ ചികിത്സയിലുള്ളത്. പ്രാദേശിക സമയം രാത്രി 8.30 ഓടുകൂടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയത്.
പ്രധാനമന്ത്രിയുടെ ചുമതലകള്‍ താല്‍കാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിര്‍വഹിക്കും. ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെ നില മോശമാവുകയായിരുന്നു.
മാര്‍ച്ച് 27നാണ് ബോറിസിന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ ഫ്‌ലാറ്റില്‍ ഐസൊലേഷനിലായിരുന്നു ബോറിസ് ജോണ്‍സണ്‍. ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല. ആറുമാസം ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്‌സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
ബ്രിട്ടനില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന ഭീഷണി നിലനിന്നപ്പോഴും മുന്നറിപ്പുകളെ ബ്രിട്ടീഷ് പ്രധാമന്ത്രി പരിഹസിച്ച് തള്ളുകയായിരുന്നു. കൊറോണ എന്ന മഹാമാരിയുടെ ശക്തി കുറച്ചുകണ്ടത് തന്നെയാണ് ബോറിസ് ജോണസന് ഈ അവസ്ഥയുണ്ടാകുവാന്‍ കാരണമായി പറയുന്നത്. ഒരു മാസം മുന്‍പ് കൊറോണയെ വെല്ലുവിളിച്ചുകൊണ്ട് ഒരു നീണ്ട ഹസ്ത്ദാന മാമാങ്കം തന്നെയായിരുന്നു ബോറിസ് ജോണ്‍സണ്‍ നടത്തിയിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 3 ന് കൊറോണയുടെ ഏറ്റവും വലിയ പ്രതിരോധ നടപടിയായ സാമൂഹ്യ അകലം പാലിക്കലിനെ പുച്ഛിച്ച് രംഗത്ത് എത്തിയ അദ്ദേഹം പറഞ്ഞത് താന്‍ മറ്റുള്ളവരുമായി ഹസ്തദാനം ചെയ്യുന്നത് ആസ്വദിക്കുന്നു എന്നായിരുന്നു. അതിനു ശേഷം നിരവദി വേദികളില്‍ അദ്ദേഹം നിരവധിപേര്‍ക്ക് ഹസ്തദാനം നല്‍കുകയുണ്ടായി. പരമ്പരാഗത രീതിയിലുള്ള അഭിവാദന രീതിയാണ് എന്നും തനിക്ക് പ്രിയം എന്നായിരുന്നു അദ്ദേഹതിന്റെ വാദം. ഇതില്‍ ബ്രിട്ടനിലെ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച എം പി യായ നാദിന്‍ ഡോറിസ്സുമായും അദ്ദേഹം ഹസ്തദാനം ചെയ്തിരുന്നു.
മാര്‍ച്ച് 10-ഓടെയാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിയുന്നതും അത് പ്രഖ്യാപിക്കുന്നതും. എന്നിട്ടും പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുന്നതിനെ എതിര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതിന്റെ ആവശ്യമില്ലെന്ന് മാര്‍ച്ച് 12 ന് പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് മാര്‍ച്ച് 16 നാണ് ഇത് തിരുത്തി രംഗത്ത് എത്തുന്നത്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്നര ലക്ഷത്തിനടുത്തായി. മരണസംഖ്യ മുക്കാല്‍ലക്ഷത്തിനടുത്തും. 1176 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് ആയിരത്തി ഇരുനൂറോളം പേരാണ്. അമേരിക്കയിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുന്നത്.
ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം മരിച്ചത് 830ലേറെ പേരാണ്. രണ്ടാം ലോക മഹായുദ്ധാനന്തരമുണ്ടായ മാന്ദ്യത്തിന് സമാന സ്ഥിതിയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് ഫ്രഞ്ച് ധനമന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ കോവിഡ് മരണം 16500 കടന്നു. 24 മണിക്കൂറിനിടെ മരിച്ചത് 636 പേരാണ്. സ്‌പെയിനില്‍ ആകെ മരണം 13400 നടുത്തെത്തി. ഇന്നലെ മാത്രം മരിച്ചത് എഴുനൂറ് പേരാണ്. അതിനിടെ, ലക്ഷണങ്ങളില്ലാത്തവരിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ സ്‌പെയിന്‍ ഭരണകൂടം നടപടി തുടങ്ങി. അടച്ചിടല്‍ നടപടി എടുത്തുമാറ്റണമെങ്കില്‍ ഇത്തരം നീക്കങ്ങളുണ്ടായേ പറ്റൂവെന്ന് സ്‌പെയിന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
