ബ്രിട്ടനില്‍ ഇന്നലെ മാത്രം മരിച്ചത് നൂറിലധികം പേര്‍; കാട്ടുതീ പോലെ മഹാമാരി പടരുമ്പോള്‍ മരണമുഖത്ത് നിലവിളികളോടെ യുകെ

ബ്രിട്ടന്റെ ചരിത്രത്തിലെ കറുത്ത ദിനമെന്നായിരുന്നു ഡെയ്‌ലിമെയ്ല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനെ വിറപ്പിച്ച് മുന്നേറുന്ന കോവിഡ് 19ന്റെ സംഹാര താഢവത്തില്‍ ഇന്നലെ മാത്രം മരിച്ചുവീണത് 113 പേരാണ്. മരണ സംഖ്യ 43 ല്‍ നിന്ന് 113 ലേക്കുള്ള ഉയര്‍ച്ച ബ്രിട്ടന്‍ നേരിടുന്ന അതിഗുരുതരമായ സ്ഥിതി വിശേഷമാണ് വ്യക്തമാക്കുന്നത്. ഇതുവരെ 2100 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. കോറോണയെ പിടിച്ചുകെട്ടാന്‍ ബ്രിട്ടന് സാധിക്കുന്നില്ലെന്ന് ഇതോടെ തെളിയുകയാണ്. ഒരോ മണത്തിലും ആയിരം പേരിലേക്കെങ്കിലും കോറോണ ബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇറ്റലിയ്ക്കും സെപ് യിനും ശേഷം മറ്റൊരു ദുരന്തഭൂമിയായി ബ്രിട്ടനുമാറുമെന്ന മുന്നറിയിപ്പുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സര്‍ കോവിഡ് വ്യാപനം തടയാന്‍ നടപ്പാക്കുന്ന നടപടികളൊന്നും ഫലപ്രാപ്ത്തിയില്‍ എത്തുന്നില്ലെന്നെ പരാതികളാണ് ഉയരുന്നത്. പോലീസും സൈന്യവും കര്‍ശന നടപടികളുമായാണ് തെരുവുകള്‍ നിയന്ത്രിക്കുന്നതെങ്കിലും ഇപ്പോഴും ബ്രിട്ടന്‍ കോവിഡിനെ നേരിടുന്നതില്‍ പരാജയപ്പെടുകയാണ്.

മരണ സംഖ്യയുടെ കുതിപ്പില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ കാട്ടുതീ പോലെ രോഗം പടരുക തന്നെയാണ്. ഇന്നലെ 24 മണിക്കൂര്‍ കാലയളവിലെ മരണം കണക്കാക്കിയപ്പോള്‍, തൊട്ട്മുന്‍പത്തെ ദിവസം കണക്കിലെടുത്തത് വെറും 8 മണീക്കൂര്‍ സമയത്തെ മരണങ്ങള്‍ ആയിരുന്നത്രെ. അതായത്, ഈ 24 മണിക്കൂറിനുള്ളില്‍ സംഭവിച്ച മരണങ്ങള്‍ മാത്രമായിരിക്കില്ലത്, മരണകാരണം സ്ഥിരീകരിച്ചുകൊണ്ട് ഇക്കാലയളവില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വരുന്ന മരണങ്ങളും ഇതില്‍ ചേര്‍ക്കപ്പെടും, യഥാര്‍ത്ഥത്തില്‍ മരണം സംഭവിച്ചത് ഒന്നോ രണ്ടോ ദിവസം മുന്‍പാണെങ്കിലും.

ഓരോ മരണത്തിനും ആനുപാതികമായി 1000 രോഗികളെങ്കിലും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. ഇതനുസരിച്ച് നിലവില്‍ രോഗ ബാധിതരുടെ എണ്ണം അറുപതിനായിരം കടന്നിരിക്കും.ആശുപത്രികളില്‍ വരുന്നവരെ മാത്രം പരിശോധനക്ക് വിധേയരാക്കിയാല്‍ മതി എന്ന നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിന്റെ തീരുമാനം വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇത് രോഗബാധിതരുടെ യഥാര്‍ത്ഥ എണ്ണം കണ്ടുപിടിക്കാന്‍ സഹായിക്കുകയില്ല എന്നായിരുന്നു വിമര്‍ശകരുടെ വാദം.അത് വളരെ ശരിയാണ് താനും. ഇങ്ങനെ നോക്കിയാല്‍ തന്നെ യഥാര്‍ത്ഥ രോഗികളുടെ എണ്ണം സര്‍ക്കാര്‍ കണക്കുകളുടെ പതിന്മടങ്ങായിരിക്കുമെന്നതില്‍ സംശയമൊന്നുമില്ല.

സ്വയം തൊഴില്‍ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിമാസം 2500 പൗണ്ട് ക്യാഷ് പേയ്‌മെന്റ് നല്‍കുന്ന പദ്ധതി ചാന്‍സലര്‍ റിഷി സുനാക് പ്രഖ്യാപിക്കുന്നതിനിടയിലാണ് എറ്റവും ഒടുവിലത്തെ സ്ഥിതിവിവരക്കണക്കുകള്‍ പുറത്ത് വന്നത്. കഴിഞ്ഞയാഴ്ച്ച ജീവനക്കാര്‍ക്ക് വലിയൊരു സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനു ശേഷമാണ് ഇന്ന് ടാക്സി ഡ്രൈവര്‍മാര്‍, സംഗീതജ്ഞര്‍, ജിഗ് എക്കോണമി വര്‍ക്കേഴ്സ്, ഫ്രീലാന്‍സേഴ്‌സ് തുടങ്ങിയവര്‍ക്കായുള്ള പാക്കേജ് പ്രഖ്യാപിച്ചത്. ജോലിസ്ഥിരതയില്ലാത്ത ഇക്കൂട്ടര്‍, തൊഴിലിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ആശങ്കപ്പെടുകയാണെന്നറിയാം എന്നു പറഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ അവരുടെ കാര്യവും നോക്കുമെന്ന് ചന്‍സലര്‍ പറഞ്ഞത്.

മരണനിരക്ക് വര്‍ദ്ധിച്ചതോടെ കൂടുതല്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പാക്കാനുറച്ച് പൊലീസ് രംഗത്തിറങ്ങി.പലയിടത്തും ബാരിക്കേഡുകള്‍ വച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും കാറുകള്‍ തടഞ്ഞു നിര്‍ത്തി യത്രക്കാരുടെ വിവരങ്ങളും യാത്രോദ്ദേശവും ചോദിച്ചറിയുവാനും ആരംഭിച്ചിട്ടുണ്ട്. വളര്‍ത്തുനായ്ക്കളുമായി നടക്കാനിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വരെ ഉപയോഗിക്കുന്നു. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ ചില കോണുകളില്‍ നിന്നും, പ്രത്യേകിച്ചും ചില സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഡെര്‍ബിഷെയര്‍ പൊലീസ്, അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് വരെ യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുമ്പോള്‍, ടൈന്‍സൈഡ് നോര്‍ത്തമ്പ്റിയ പൊലീസ്, രണ്ടു പേരിലധികം കൂട്ടം കൂടുന്നതില്‍ വിലക്കുള്ളതുകൊണ്ട് ഒരു ഫുട്ബോള്‍ മാച്ച് തടയുകയുണ്ടായി. നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പൊലീസും പുതിയ ചെക്ക്പോസ്റ്റുകള്‍ ഉണ്ടാക്കുമെന്നും വാഹനങ്ങള്‍ തടഞ്ഞ് യാത്രോദ്ദേശം ചോദിച്ചറിയും എന്ന് അറിയിച്ചിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ നടപടികള്‍. ആളുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പൊലീസിന് നല്‍കിയിരിക്കുകയാണ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് 60 പൗണ്ട് പിഴ ഉള്‍പ്പടെ കഠിനമായ പല ശിക്ഷകളും ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഇതിനിടയില്‍ സ്വാന്‍സീയില്‍ ട്രെയിനുകളും തടഞ്ഞ്, യാത്രക്കാരുടെ യാത്ര അത്യാവശ്യത്തിനാണോ എന്ന് ചോദിച്ചറിയുവാനും തുടങ്ങിയിട്ടുണ്ട്.

ഇന്നലെ പ്രഖ്യാപിച്ച സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ക്കുള്ള സഹായത്തിനെ കുറിച്ച് ഇതിനിടയില്‍ ചില വിമര്‍ശനങ്ങളു ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ലാഭം കണക്കാക്കി ശരാശരി മാസ ലാഭത്തിന്റെ 80% ആണ് പ്രതിമാസ സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് 2500 പൗണ്ടിന്റെ പരിധിയുണ്ട്. ഏകദേശം 200,000 ത്തോളം വരുന്ന 50,000 പൗണ്ടില്‍ അധികം വാര്‍ഷിക ലാഭം നേടുന്നവര്‍ക്ക് ലഭിക്കുകയുമില്ല. ടാക്സ് റെക്കോര്‍ഡുകള്‍ പ്രകാരം ഏകദേശം 3.8 മില്ല്യണ്‍ ആളുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Vinkmag ad

Read Previous

അമിതാഭ് ബച്ചന്റെ മണ്ടത്തരം ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി; ” മലത്തില്‍ നിന്നും കൊറോണ പകരുമെന്ന് ”

Read Next

അതിർത്തി അടച്ച കർണാടകത്തിൻ്റെ ക്രൂരതക്കെതിരെ കേന്ദ്രം; മുഖ്യമന്ത്രിയുടെ കത്തിൽ നടപടി

Leave a Reply

Most Popular