ജാതി ചിന്തകളിൽ നിന്നും മുക്തരായവരാണ് കേരളീയർ എന്നാണ് നാം കൊട്ടിഘോഷിക്കാറുള്ളത്. എന്നാൽ അത് വെറും പറച്ചിൽ മാത്രമാണെന്നും ഒളിഞ്ഞും തെളിഞ്ഞും കേരളത്തിൽ അങ്ങോളമിങ്ങോളം ജാതീയത ശക്തമായി നിലനിൽക്കുന്നുവെന്നും നമുക്കറിയാം.
കേരളത്തിൽ നിലനിൽക്കുന്ന ജാതീയതയ്ക്ക് ഒരു ഉദാഹരണമായി ഒരു ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒരു ക്ഷേത്രത്തിലെ കക്കൂസിൻ്റെ ചിത്രമാണ് പ്രചരിക്കുന്നത്. മൂന്ന് ടോയ്ലറ്റ് ഒറ്റ കെട്ടിടത്തിൽ ഉണ്ട് അവ സ്ത്രീകൾ പുരുഷന്മാർ ബ്രാഹ്മണർ എന്നിങ്ങനെ ബോർഡ് വച്ച് തരംതിരിച്ചിരിക്കുകയാണ്.
ബ്രാഹ്മണർക്ക് പ്രത്യേകം കക്കൂസ് നൽകുക വഴി ജാതി വിവേചനമാണ് ക്ഷേത്രം അധികൃതർ നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് വിമർശകർ ഉന്നയിക്കുന്നത്. ബ്രാഹ്മണർ എന്നത് ക്ഷേത്രത്തിലെ പൂജാരിയെ ഉദ്ദേശിച്ച് എഴുതിയതാണെന്നാണ് ഒരു വാദം. അയാളുടെ ശുദ്ധി നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ അദ്ദേഹത്തിന് മാത്രമായി ഒരു കക്കൂസ് നൽകിയത്.
എന്നാൽ ഇത്തരത്തിൽ ശുദ്ധിയും അശുദ്ധിയും കൽപ്പിച്ച് ഒരാൾക്ക് പ്രത്യേകം പരിഗണന നൽകുന്നതിനെയാണ് ജാതീയത എന്ന് പറയുന്നത്. ഇത്തരത്തിൽ മറ്റുള്ളവരെ മാറ്റി നിർത്തുന്നതിന് വേണ്ടിയാണ് അയിത്തം എന്ന ബ്രാഹ്മണ്യ ആചാരം ഉടലെടുത്തതെന്നും വിമർശകർ വാദിക്കുന്നു.
തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ആരോ എടുത്ത ചിത്രം വളരെ വേഗത്തിൽ പ്രചരിക്കുകയാണ്. എന്നാൽ ആ ബോർഡ് മായ്ച്ച് കളഞ്ഞിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
