നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവെ ബിഹാറിൽ നിതീഷ് കുമാറിന് പ്രതിസന്ധി സൃഷ്ടിച്ച് സ്വന്തം പാർട്ടി നേതാക്കൾ. പാർട്ടിയിലെ വലിയ വിഭാഗം എതിർ ചേരിയായ ലാലു പ്രസാദ് യാദവുമായി അടുത്ത ഇടപെടൽ നടത്തുന്നെന്നും വിവരം.
ഇത്തരത്തിൽ പാർട്ടിവിട്ടുപോകാൻ തയ്യാറെടുത്ത വ്യവസായ മന്ത്രി ശ്യാം റസാകിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽ നിന്ന് രാജിവയ്ക്കാനുള്ള നീക്കത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ശുപാർശ ഗവർണർ അംഗീകരിച്ചു.
ലാലു പ്രസാദ് യാദവിൻ്റെ പാർട്ടിയായ രാഷ്ട്രീയ ജനതാദളിൽ ചേരാൻ റസാക് ഒരുങ്ങുന്നുവെന്ന് വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് മാസം മാത്രം അകലെയാണ്. നിതീഷ് കുമാർ ജനങ്ങളുടെ വിധി ലംഘിച്ചുവെന്നാണ് രാഷ്ട്രീയ ജനതാദൾ ആരോപിക്കുന്നത്.
ആർജെഡി കോൺഗ്രസ് എന്നിവരുമായി ചേർന്ന് 2015 ൽ തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം നിതീഷ് കുമാർ തൻ്റെ രണ്ട് സഖ്യകക്ഷികളും ഒഴിവാക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ബി.ജെ.പിയുമായി ചേർന്ന് അധികാരം നിലനിർത്തി. വരുന്ന തെരഞ്ഞെടുപ്പിലും എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിതീഷ് കുമാറാണ്.
നിതീഷ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി റസാകിന് സംശയമുണ്ടായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കുമെന്നും അദ്ദേഹത്തിന് സൂചനകൾ ലഭിച്ചിരുന്നു. പാർട്ടിയിൽ രണ്ടാം സ്ഥാനക്കാരായി കണക്കാക്കപ്പെടുന്ന ആർ.സി.പി സിംഗ് മറ്റൊരു ദലിത് നേതാവായ അരുൺ മഞ്ജിയെ റസാകിന് പകരം സ്ഥാനാർഥിയായി പിന്തുണയ്ക്കുകയായിരുന്നു.
