കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്.
ജാമ്യക്കാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 13 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാനും അഡീഷണല്‍ ജില്ലാ ജഡ്‌ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടു.
ബിഷപ് കണ്ടെയ്‌ന്‍മെന്റ് സോണിലാണെന്നാണ് കഴിഞ്ഞ ഒന്നിനു കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കോടതിയില്‍ ഹാജരാകാന്‍ വിമാന ടിക്കറ്റ് എടുത്തിരുന്നെന്നും നിയമോപദേശത്തിനായി സമീപിച്ച അഡ്വ. മന്‍ദീപ് സിങ് സച്‌ദേവിനു കോവിഡ് സ്‌ഥിരീകരിച്ചതോടെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചതിനാല്‍ യാത്ര ഒഴിവാക്കേണ്ടിവന്നെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ ഇന്നലെ കോടതിയെ അറിയിച്ചു.
എന്നാല്‍, ബിഷപ്‌സ് ഹൗസ് സ്‌ഥിതിചെയ്യുന്ന ജലന്ധര്‍ സിവില്‍ ലൈന്‍ മേഖല കണ്ടെയ്‌ന്‍മെന്റ് സോണല്ലെന്നും കോടതിയെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ച് കേസ് നീട്ടാന്‍ ശ്രമിക്കുകയാണെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ. ബാബു കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്നാണു ജാമ്യം റദ്ദാക്കാന്‍ കോടതി തീരുമാനിച്ചത്. അറസ്‌റ്റ് ചെയ്‌ത് അടുത്ത 13-നു ഹാജരാക്കാന്‍ ജില്ലാ പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. വീണ്ടും ജാമ്യം അനുവദിക്കുക, റിമാന്‍ഡ് ചെയ്യുക എന്നീ സാധ്യതകളില്‍ കോടതി അന്നു തീരുമാനമെടുക്കും.
