ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ആരോപണം; കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് സാക്ഷിമൊഴി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി കൂടുതൽ ആരോപണങ്ങളുമായി കന്യാസ്ത്രീ മൊഴി. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയുടെ മൊഴിപ്പകര്‍പ്പ് പുറത്തുവന്നിരിക്കുകയാണ്. മഠത്തില്‍വച്ച് കടന്നുപിടിച്ചുവെന്നും വീഡിയോ കോളിലൂടെ അശ്ലീലം പറഞ്ഞെന്നുമാണു മൊഴി.

കുറവിലങ്ങാട് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ സാക്ഷിമൊഴിയായാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ പരാതിയുമായി മുന്നോട്ടുപോകാന്‍ കന്യാസ്ത്രി തയാറായില്ലെന്ന് പൊലീസ് വ്യക്തമാക്കി.  ബലാല്‍സംഗക്കേസിലെ 14-ാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്.

ബിഷപ്പ് മഠത്തില്‍ വെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചു. വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി. ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും കന്യാസ്ത്രീ കോടതിയില്‍ മൊഴി നല്‍കി.

2015 വരെ ജലന്ധറിലും ബീഹാര്‍ രൂപതയ്ക്ക് കീഴിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസില്‍ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ഇപ്പോള്‍ ആരോപണമുന്നയിച്ചിട്ടുള്ളത്.

2017 ന് ശേഷം ഒരു പ്രശ്‌നത്തെത്തുടര്‍ന്ന്, കന്യാസ്ത്രീയെ കേരളത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. കണ്ണൂരിലെ ഒരു മഠത്തില്‍ വെച്ച് പ്രശ്‌നങ്ങൾ അന്വേഷിക്കാനെന്ന പേരില്‍ ബിഷപ്പ് എത്തുകയും കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.

സഭാകാര്യങ്ങള്‍ സംസാരിക്കാനെന്ന മട്ടില്‍ തുടങ്ങി അശ്ലീല സംഭാഷണങ്ങളിലേക്ക് ഫോണ്‍വിളി മാറിയിരുന്നു. ബിഷപ്പ് തന്റെ ശരീരഭാഗങ്ങള്‍ കാണിക്കുകയും, കന്യാസ്ത്രീയോടും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടതായും സാക്ഷിമൊഴിയില്‍ വ്യക്തമാക്കുന്നു.

പക്ഷെ തനിക്ക് എതിര്‍പ്പുണ്ടായിട്ടും പരാതിപ്പെടാന്‍ ധൈര്യമുണ്ടായില്ലെന്നും, അതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. കുറവിലങ്ങാട് മഠത്തില്‍ വെച്ച് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷിമൊഴി നല്‍കുന്നതിനിടെയാണ് കന്യാസ്ത്രീ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular