ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് 80 വയസുള്ള വയോധികനോട് ആശുപത്രി അധികൃതർ കാണിച്ചത് കണ്ണിൽച്ചോരയില്ലാത്ത ക്രൂരത. വൃദ്ധനെ കിടക്കയില്‍ കെട്ടിയിട്ടു. കാലുകൾ രണ്ടും ബന്ധിച്ച നിലയിലുള്ള ഇദ്ദേഹത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മധ്യപ്രദേശിലെ ഷാജാപൂറിലെ സിറ്റി ആശുപത്രിയിലാണ് 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ കാലുകളും കൈകളും ആശുപത്രി അധികൃതര്‍ കെട്ടിയിട്ടത്. ആശുപത്രിയില്‍ അഡ്മിറ്റാവുമ്പോള്‍ 5,000 രൂപ നിക്ഷേപിച്ചിരുന്നെന്നും എന്നാല്‍ ചികില്‍സയ്ക്ക് കുറച്ച് ദിവസങ്ങള്‍ കൂടി എടുത്തപ്പോള്‍ ബില്ലടയ്ക്കാന്‍ ഞങ്ങളുടെ കൈവശം പണമില്ലാതായെന്നും വയോധികന്റെ മകള്‍ പറഞ്ഞു.
എന്നാല്‍, വയോധികന് ഹൃദയാഘാതമുണ്ടായതിനാല്‍ ബാലന്‍സ് നഷ്ടപ്പെട്ട് വീഴേണ്ടെന്നു കരുതിയാണ് അദ്ദേഹത്തെ കെട്ടിയിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം. ‘ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. അദ്ദേഹം വീണ് പരിക്കേല്‍ക്കാതിരിക്കാനാണ് ഞങ്ങള്‍ അവരെ കെട്ടിയിട്ടത് എന്നാണു ആശുപത്രിയിലെ ഒരു ഡോക്ടറുടെ വിശദീകരണം.
മാനുഷിക പരിഗണന വച്ച് ആശുപത്രി അവരുടെ ബില്ല് എഴുതിത്തള്ളിയെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഷാജാപൂര്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രിക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി.
