ബിനീഷ് കോടിയേരിയ്ക്ക് ബെഗളൂരുവിലെ ലഹരി മാഫിയയുമായി ബന്ധം; മലയാളത്തിലെ സിനിമാ താരങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടെന്ന് പി കെ ഫിറോസ്

ബെഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധമെന്ന് ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.

ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ വെള്ളിയാഴ്ച പിടിയിലായ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപ്, അനിഖ, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ അറസ്റ്റിലായ സംഭവത്തിന് പിന്നാലെയാണ് പികെ ഫിറോസ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. മുഹമ്മദ് അനൂപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍നിന്ന് ബിനീഷുമായുള്ള ബന്ധം വ്യക്തമാണ്. പിടിയിലായ അനിഖയ്ക്കും റിജേഷ് രവീന്ദ്രനു ബിനീഷുമായി അടുത്ത ബന്ധമാണുള്ളതെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണകടത്തില്‍ സ്വപ്‌ന സുരേഷ് പിടിയിലാകുന്ന ജൂലൈ പത്തിന് നിരവധി തവണ പിടിയിലായ അനുപുമായി ബിനീഷ് കോടിയേരി ബന്ധപ്പെട്ടിട്ടുണ്ട്.പിടിയിലായ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുകേസിലെ പ്രതി റെമീസുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

മുഹമ്മദ് അനൂപ് കര്‍ണാടകയിലെ കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലില്‍ ബിനീഷ് കോടിയേരിക്ക് സാമ്പത്തിക നിക്ഷേപമുണ്ട്. 2015ല്‍ ആരംഭിച്ച ഈ ഹോട്ടലിന് പുറമെ 2019-ല്‍ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ബിനീഷ് കോടിയേരി ഫെയ്സ്ബുക്ക് പേജില്‍ ലൈവ് നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ കാലമായിരുന്നിട്ടും ജൂണ്‍ 19-ന് കുമരകത്ത് സംഘടിപ്പിച്ച നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും അനൂപ്, റിജേഷ് എന്നിവര്‍ക്കൊപ്പം പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് വ്യക്തമാക്കി. ജൂലെ 10ന് മുഖ്യപ്രതി മുഹമ്മദ് അനൂപിനു വന്ന കോളുകളും പരിശോധിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെ പരിചയമുണ്ടെന്ന് മാധ്യമങ്ങളോട് ബിനീഷ് കോടയേരി പ്രതികരിച്ചു. എന്നാല്‍ ലഹരിമരുന്ന് കച്ചവടവുമായി അനൂപിന് ബന്ധമുണ്ട് എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

വസ്ത്ര വ്യാപാരിയെന്ന നിലയ്ക്കാണ് അനൂപിനെ പരിചയം. ആറു ലക്ഷം രൂപ ഹോട്ടല്‍ തുടങ്ങാന്‍ സഹായിച്ചിരുന്നു. ജൂലൈ പത്തിന് വിളിച്ചെന്ന ആരോപണം ശരിയല്ല. കുമരകത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

ഇപ്പോള്‍ പുറത്ത് വന്ന ഫോട്ടോ 2015 ല്‍ എടുത്തതാണെന്നാണ് കരുതുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കുമരകത്ത് പോയിട്ടില്ല. ചിത്രത്തില്‍ തനിക്ക് താടിയില്ലെന്നത് പോലും ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2111 പേർ രോഗമുക്തരായി

Read Next

മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസിയിൽ സംഭാവന ചോദിച്ചു

Leave a Reply

Most Popular