പാനൂരില്‍ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെതിരെ കേസെടുത്തു. പാലത്തായി യു പി സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പത്മരാജന് എതിരെയാണ് പോക്‌സോ നിയമപ്രകാരം പാനൂര്‍ പോലീസ് കേസെടുത്തത്.
പീഡനവിവരം അറിഞ്ഞ ബന്ധുക്കള്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്ന് പരാതിയില്‍ പറയുന്നു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കുട്ടി വിവരം ആരോടും പറയാതിരുന്നത്. പിന്നീട് കുട്ടി വീട്ടില്‍ വിവരം അറിയിക്കുകയും ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു. അതേസമയം, ഇതേ അധ്യാപകനെക്കുറിച്ച് മുമ്പും പലതവണ ആരോപണങ്ങളുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. അന്ന് നാലുമാസത്തേക്ക് സ്‌കൂളില്‍നിന്ന് മാറ്റിനിര്‍ത്തുകയും മാനേജ്‌മെന്റും ജീവനക്കാരും പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയുമായിരുന്നു. ചില രാഷ്ട്രീയപ്രമുഖരുടെ ഇടപെടലിനെത്തുടര്‍ന്നാണ് വീണ്ടും ഇയാളെ തിരിച്ചെടുത്തതെന്നും ആരോപണമുണ്ട്.
