ഡല്‍ഹിയിലെ കലാപം സംബന്ധിച്ച ഹരജി അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദറിന്റെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാന്‍ നാലാഴ്ച്ച സമയം നല്‍കി. ഇവര്‍ക്കെതിരെ ഇന്നുതന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ഷ് മന്ദറിന്റെ ആവശ്യം കോടതി തള്ളി. ഏപ്രില്‍ 13-ന് കേസ് വീണ്ടും പരിഗണിക്കും.
ഇന്നലെ ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് മുരളീധരന്‍ അടങ്ങുന്ന ബെഞ്ചിനു പകരം ചീഫ് ജസ്റ്റിസ് ഡി.എന്‍ പാട്ടീല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഹര്‍ഷ് മന്ദറിനു വേണ്ടി ഹാജരായപ്പോള്‍ സോളിസിറ്ററര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായത്.
ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തിനെതിരെ വാദിച്ച തുഷാര്‍ മേത്ത, കലാപവുമായി ബന്ധപ്പെട്ട് സ്വത്തുനാശത്തിനും മറ്റും എഫ്.ഐ.ആര്‍ തയ്യാറാക്കിയതായി അറിയിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാറിനെ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും മേത്ത പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് ഇതുവരെ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്നും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഡല്‍ഹി പൊലീസ് സ്പെഷല്‍ കമ്മീഷണര്‍ കോടതിയെ അറിയിച്ചു.
ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇത് തെളിവുകള്‍ ശേഖരിക്കാന്‍ പ്രധാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോളിന്‍ ഗോണ്‍സാല്‍വസ് വാദം തുടങ്ങിയത്. ആരെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നില്ല. തെളിവില്ലെന്നു കണ്ടാല്‍ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാര്‍ കക്ഷിചേരുന്നതില്‍ വിരോധമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ സമാധാനപരമായാണ് മുന്നോട്ടുപോയതെന്നും ശക്തമായ പ്രതിഷേധങ്ങള്‍ പോലും സമാധാനപരമായിരുന്നുവെന്നും ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്താണെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു
