ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയവണ്ണിനെയും വിലക്കിയ നിലപാടിൽ പ്രതിഷേധം അണയുന്നില്ല. രണ്ട് ചാനലുകളുടെയും സംപ്രേക്ഷണം പുനഃസ്ഥാപിച്ചെങ്കിലും കേന്ദ്രസർക്കാർ എടുത്ത ജനാധിപത്യ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.
രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരും ഇന്ന് കൂടുതൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മീഡിയ വണ്ണിന് നൽകിയ നോട്ടീസിൽ ആർഎസ്എസിനെയും ഡൽഹി പോലീസിനെയും വിർശിച്ചതും വിലക്കിന് കാരണമായി എഴുതിയിട്ടുണ്ട്. ഇത് വലിയ വിമർശനമാണ് ഉയർത്തുന്നത്.
രണ്ടാം മോദി സർക്കാർ തുടരെ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ തുടർച്ച തന്നെയാണ് മാദ്ധ്യമ വിലക്കെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. രാജ്യത്തെ ഫാസിസത്തിൻ്റെ കീഴിലാക്കാൻ പണിപ്പെടുകയാണ് മോദി അമിത് ഷാ നേതൃത്വം എന്നാണ് വിലയിരുത്തൽ. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് ആഹ്വാനം ഉയരുന്നത്.
ബിജെപി സംഘപരിവാർ ശക്തികൾ അധികാരത്തിൻ്റെ ബലത്തിൽ നടപ്പിലാക്കുന്ന ഇത്തരം ഭീകര നടപടികൾക്കെതിരെ കൃത്യമായ പ്രതികരണം മാദ്ധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ചാനൽ ചർച്ചകളിൽ നിന്നും ബിജെപി നേതാക്കന്മാരെ ഒഴിവാക്കണമെന് ആവശ്യം ശക്തിപ്പെടുകയാണ്.
നാളുകൾക്ക് മുമ്പ് ബംഗളുരുവിൽ മാദ്ധ്യമ പ്രവർത്തകരെ അന്യായമായി തടഞ്ഞ് വച്ചപ്പോൾ അവർ ആക്രമകാരികളാണെന്നും കയ്യിൽ ആയുധമുണ്ടായിരുന്നെന്നുമുള്ള നിലയിലാണ് ബിജെപി നേതാക്കളടക്കം പ്രചരിപ്പിച്ചത്. ഇത്തരത്തിൽ തങ്ങൾക്ക് അനുകൂലമായി വാർത്ത നൽകാത്ത ഏവരെയും ആക്രമിക്കാനാണ് ബിജെപി തക്കംപാർത്തിരിക്കുന്നത്. അതിനാൽ തന്നെ ഇവർക്കായി സമയം അനുവദിക്കുന്നത് നിർത്തലാക്കണമെന്ന ആവശ്യം പല ദിക്കിൽ നിന്നും ഉയരുകയാണ്.
