മഹാരാഷ്ട്രയിലെ സഖ്യകക്ഷി സർക്കാരായ മഹാവികാസ് അഘാടി സാമൂഹ്യമാറ്റത്തിനായുള്ള വലിയൊരു മുന്നേറ്റം നടത്തിയിരിക്കുകയാണ്. സ്കൂളിലും കോളേജിലും മുസ്ലീം സമുദായത്തിന് 5 ശതമാനം സംവരണം ഏർപ്പെടുത്തി ഞെട്ടിച്ചിരിക്കുകയാണ് ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ.
കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭ ഇലക്ഷന് ശേഷം ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശിവസേന എൻഡിഎ വിട്ട് പുറത്ത് വന്നിരുന്നു. ശേഷം എൻസിപി- കോൺഗ്രസ് സഖ്യത്തിൽ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കുകയായിരുന്നു. ഈ കൂട്ടുകെട്ട് അധികകാലം നീണ്ടു നിൽക്കില്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്.
ഹിന്ദുത്വ പാർട്ടിയായ ശിവസേനയും മതേതര സ്വഭാവമുള്ള കോൺഗ്രസ് എൻസിപി സഖ്യവും തമ്മിൽ ഒരു തരത്തിലും യോജിക്കില്ലെന്നായിരുന്നു ബിജെപി ഉൾപ്പെടെ കരുതിയിരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഹിന്ദുത്വ ആശയങ്ങളെ പതിയെ മാറ്റിവച്ച് മതേതരത്വത്തിനായി നിലകൊള്ളുന്ന ശിവസേനയെയാണ് മഹാരാഷ്ട്രയിൽ കാണാനാകുന്നത്.
ഇപ്പോഴിതാ മുസ്ലീങ്ങൾക്ക് മാത്രമായി വിദ്യാഭ്യാസത്തിൽ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനവും സഖ്യം കൈക്കൊണ്ടുകഴിഞ്ഞു. ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന നവാബ് മാലിക്കിനെ ഉദ്ധരിച്ചാണ് വാർത്ത പുറത്ത് വന്നിരിക്കുന്നത്. അടുത്ത അധ്യായന വർഷം തുടങ്ങുന്നതിന് മുമ്പ് ബില്ല് പാസാക്കാമെന്നാണ് അധികൃതർ വിവരിക്കുന്നത്.
ശിവസേനയെ വീണ്ടും ഹിന്ദുത്വ പാളയത്തിലേക്ക് ക്ഷണിക്കാൻ കാത്തുനിൽക്കുന്ന ബിജെപിക്ക് കിട്ടുന്ന കനത്ത അടിയാണ് മുസ്ലീങ്ങൾക്കായുള്ള ഈ സംവരണം. ബിജെപി കൂട്ടുകെട്ടിൽ ഭരിച്ചിരുന്നപ്പോൾ മുസ്ലീങ്ങൾക്ക് മന്ത്രിസ്ഥാനം പോലും നൽകിയിരുന്നില്ല എന്നിടത്ത് നിന്നാണ് ശിവസേന മതേതരത്വത്തിലേക്ക് വളരുന്നത്.
