ബിജെപി അടുത്ത് നേരിടുന്ന വലിയ പരീക്ഷണങ്ങളിൽ ഒന്നാണ് ബിഹാർനിയമസഭ തെരഞ്ഞെടുപ്പ്. ഈ വർഷം ആദ്യം നടന്ന ഡൽഹി തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയ പാർട്ടിക്ക് ബിഹാർ കൂടി നഷ്ടപ്പെട്ടാൽ അത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ തിരിച്ചടിയാകും.
നിലവിൽ ജെഡിയുവുമായി ചേർന്നാണ് ബിജെപി ഭരണപങ്കാളിത്തം നേടിയിരിക്കുന്നത്. എന്നാൽ പൗരത്വ നിയമത്തെ അനുകൂലിക്കേണ്ടി വന്നതിനാൽ കടുത്ത രാഷ്ട്രീയ പ്രശ്നങ്ങളാണ് ജെഡിയു അഭിമുഖീകരിക്കുന്നത്. ഇതിനൊരു പോംവഴിയായി പൗരത്വ രജിസ്റ്ററിനെതിരായ പ്രമേയത്തെ പിന്തുണച്ച് പാസാക്കിയിരിക്കുകയാണ് നിതീഷ് കുമാർ. ബിജെപിയും പ്രമേയത്തെ പിന്തുണച്ചു.
ബിഹാറിലെ നല്ലൊരു ശതമാനം വോട്ട് പിന്നാക്ക ദലിത് വിഭാഗങ്ങളുടേതാണ്. സംസ്ഥാനത്തെ 16 ശതമാനം വരുന്ന മുസ്ലീം വോട്ടും നിർണ്ണായകമാണ്. ജെഡിയുവിൻ്റെ വോട്ടർമാരിൽ വലിയൊരു വിബാഗം മുസ്ലീങ്ങളും ഉണ്ടെന്നത് നിതീഷ് കുമാറിനെ അലട്ടുന്ന കാര്യമാണ്. പാർട്ടിയിലെ ന്യൂനപക്ഷ സെൽ നേതാക്കളിൽ പലരും രാജിവച്ചു പോയത് അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഇതിനെല്ലാം മറുമരുന്നായാണ് എൻആർസിക്കെതിരെ പ്രമേയം പാസാക്കാനുള്ള തീരുമാനം നിതീഷ കുമാർ കൈക്കൊണ്ടത്. പ്രധാന പ്രതിപക്ഷമായ ലാലുപ്രസാദ് യാദവിൻ്റെ ആർജെഡി നേതാവ് തേജസ്വി യാദവ് കൊണ്ടുവന്ന ഈ പ്രമേയത്തെ പിന്തുണയ്ക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കം രാഷ്ട്രീയ ചാഞ്ചാട്ടമായിട്ടാണ് പലരും വിലയിരുത്തുന്നത്.
ബിജെപി സഖ്യത്തില്‍ നിന്ന് സ്വയം വിട്ടുപോകാനുള്ള തന്ത്രങ്ങളാണ് നിതീഷ് ലക്ഷ്യമിടുന്നതെന്ന ചർച്ച തുടങ്ങിക്കഴിഞ്ഞു. അതിലൂടെ വന്‍ രാഷ്ട്രീയ ലാഭം നിതീഷിന് ലഭിക്കും. ആർജെഡിയെ പിന്തുണക്കുകവഴി ബിജെപിയെ വരച്ച വരയിൽ നിർത്താൻ നിതീഷിന് കഴിയും. രാഷ്ട്രീയ വഞ്ചകനെന്ന പേരും മാറ്റിയെടുക്കാം.
നിലവിലെ സ്ഥിതിയിൽ ജെഡിയുവിന് ലാലുപ്രസാദ് യാദവുമായി കൂട്ടുകൂടാനാകില്ല. എന്നാൽ കോൺഗ്രസുമായി ഒരു സഖ്യമുണ്ടാക്കാനായാൽ പുതിയ മുഖവുമായി തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയും. എന്നാൽ ഇത് മനസിലാക്കി അമിത് ഷാ നിതീഷിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബിജെപിയെ തഴയാനാണ് നിതീഷിൻ്റെ തീരുമാനമെന്നാണ് നിലവിലെ രാഷ്ട്രീയ നീക്കങ്ങളിലൂടെ മനസിലാകുന്നത്. അങ്ങനെയായാൽ കനത്ത തിരിച്ചടിയാകും ബിജെപിക്ക് ബിഹാറിൽ ലഭിക്കുക.
