പശ്ചിമബംഗാളിലെ മുര്‍ഷിബാദിന് സമീപം ബംഗ്ലാദേശ് അതിര്‍ത്തി സേനയുടെ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ മരിച്ചു. ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് നടത്തിയ വെടിവെപ്പിലാണ് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ വിജയ് ഭാന്‍ സിംദ്(50) കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയാണ്. (ബിജിബി) നടത്തിയ വെടിവയ്പില്‍ മറ്റൊരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു.
അന്താരാഷ്ട്ര അതിര്‍ത്തിക്കുള്ളില്‍ പദ്മ നദിയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബിജിബി തടഞ്ഞതാണ് വെടിവയ്പില്‍ കലാശിച്ചത്. ഫ്‌ലാഗ് മീറ്റിംഗില്‍ മത്സ്യത്തൊഴിലാളികളെ വിട്ടയ്ക്കാന്‍ ആവശ്യപ്പെട്ട ബിഎസ്എഫ് സംഘത്തിന് നേരെ ബിജിബി സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ബിജിബി ഡയറക്ടര്‍ ജനറല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ബിഎസ്എഫും ബിജിബിയും പതിറ്റാണ്ടുകളായി പരസ്പരം സൗഹാര്‍ദത്തോടെ മുന്നോട്ടു പോകുന്ന സേനകളാണ്.
