കോവിഡ് പ്രതിരോധത്തിനായി മദ്യത്തിന് സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനം. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ വില കുത്തനെ ഉയരും. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി.
മദ്യം ബാറുകൾ വഴി പാഴ്സൽ നൽകാൻ അനുവദിക്കുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായെന്നാണ് സൂചന. ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്.
2018–19 ബജറ്റിൽ സർചാർജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വിൽപ്പന നികുതി നിരക്ക് പരിഷ്ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്‍ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്ക്കരിച്ചു. 2019–20ലെ ബജറ്റിൽ ഈ നികുതി 2 ശതമാനം വർധിപ്പിച്ചു.
