പ്രസിദ്ധ യോഗ ആചാര്യൻ ബാബ രാംദേവിൻ്റെ കമ്പനിയായ പതഞ്ജലിക്ക് കോടികളുടെ പിഴ ചുമത്തി. ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ചിട്ടും അതിനനുസൃതമായി വിലകുറക്കാത്തതിനാണ് നാഷണൽ ആൻ്റി പ്രോഫിറ്ററിംഗ് അതോറിറ്റി 75.08 കോടി രൂപ പിഴ ചുമത്തിയത്.
കേന്ദ്ര ഗവൺമെൻ്റിൻ്റെ ഉപഭോക്തൃ ക്ഷേമ ഫണ്ടിലേക്കും സംസ്ഥാന ഫണ്ടിലേക്കും പിഴത്തുക അടയ്ക്കാനാണ് എൻഎഎ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് 18 ശതമാനം ജിഎസ്ടി നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കമ്പനി പുറത്തിറക്കുന്ന സോപ്പുപൊടിക്ക് 2017 മുതല്‍ ജി.എസ്.ടി നിരക്ക് കുറച്ചിട്ടും വില വര്‍ധിപ്പിച്ചാണ് പതഞ്ജലി വിറ്റുകൊണ്ടിരുന്നത്. പത്ത് ശതമാനത്തോളം ജി.എസ്.ടി നിരക്ക് കുറച്ചിരുന്നു. എന്നാല്‍, ആ കുറവ് വില്‍പനയില്‍ വരുത്താന്‍ കമ്പനി തയ്യാറായില്ലെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍.
ഒന്നാം മോദി സർക്കാരിൻ്റെ കാലത്ത് വലിയ കുതിപ്പ് നടത്തിയ കമ്പനിയാണ് പതഞ്ജലി. ബാബാ രാംദേവ് ദേശീയ മുഖമായി മാറിയിരുന്നു. എന്നാൽ നാളുകൾക്ക് ശേഷം കമ്പനിയുടെ ഉത്പന്നങ്ങളിൽ ജനങ്ങൾക്കുള്ള പ്രിയം കുറയുകയായിരുന്നു.
