ബാബറി മസ്ജിദ് തകര്‍ത്തതിനെ ന്യായികരിച്ച് വിവാദ പ്രസ്താവനുയുമായി ഹിന്ദുധര്‍മ്മ സേന നേതാവ്. അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ബാബ്രി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളായ എല്ലാവരേയും വിളിക്കണമെന്ന് ഹിന്ദുധര്‍മ്മ സേന ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമിപൂജാ ചടങ്ങില്‍ കേസില്‍ പ്രതികളായ എല്ലാവരേയും ആദരിക്കണമെന്ന് കേസിലെ പ്രധാനപ്രതികളിലൊരാളും ഹിന്ദുധര്‍മ്മസേന പ്രസിഡണ്ടുമായ സന്തോഷ് ദുബെ പറഞ്ഞു. ഇതിനായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഓഗസ്റ്റ് 5 നാണ് അയോധ്യയില്‍ ഭൂമിപൂജയും കല്ലിടല്‍ കര്‍മ്മവും നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
‘ബാബ്രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളായ 32 കര്‍സേവകരേയും അവരുടെ കുടുംബങ്ങളേയും ചടങ്ങില്‍ പങ്കെടുപ്പിക്കാനാകുമെന്ന് ട്രസ്റ്റ് ഉറപ്പിക്കേണ്ടതുണ്ട്. രാമക്ഷേത്രത്തിനായി മുന്നിട്ടിറങ്ങിയവരെ ആദരിക്കുകയും വേണം’, സന്തോഷ് ദുബെ പറഞ്ഞു.ബാബ്രി മസ്ജിദ് തകര്‍ത്തില്ലായിരുന്നെങ്കില്‍ രാമക്ഷേത്രത്തിനനുകൂലമായി കോടതി വിധി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പള്ളി തകര്‍ത്ത കര്‍സേവകരില്ലാതെ രാമജന്മഭൂമി പൂജ പൂര്‍ണ്ണമാകില്ലെന്നും ദുബെ പറഞ്ഞു.
1992ഡിസംബര്‍ ആറിനാണ് ബാബ്രി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ക്കുന്നത്. ബിജെപി നേതാക്കളായ മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമായിരുന്നു ബാബ്രി മസ്ജിദ് തകര്‍ക്കുന്നതിലെ ആസൂത്രകര്‍.അതിനിടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ ഇന്ത്യയില്‍ കോവിഡ് അവസാനിക്കുമെന്ന് മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മ പറഞ്ഞതും വിവാദമായി .’മനുഷ്യരുടെ ക്ഷേമത്തിനായി രാക്ഷസന്മാരെ കൊന്നൊടുക്കുന്നതിന് അന്ന് ഭഗവാന്‍ ശ്രീരാമന്‍ പുനരവതരിച്ചിരുന്നു. രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുന്നതോടെ കോവിഡ് മഹാമാരിയുടെ അന്ത്യത്തിനും തുടക്കമാകും’ -ശര്‍മ പറഞ്ഞു.
ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ കോവിഡ് വ്യാപനത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’നമ്മള്‍ സാമൂഹിക അകലം പാലിക്കുക മാത്രമല്ല, നമ്മുടെ ഭഗവാന്മാരെ ഓര്‍മിക്കുക കൂടി ചെയ്യുകയാണ്’- ശര്‍മ്മ പറഞ്ഞു.
