ബാബരി മസ്ജിദ് തകര്‍ത്ത പ്രതികള്‍ രാമക്ഷേത്ര ട്രസ്റ്റിന്റെ മുഖ്യഭാരവാഹികള്‍; അയോധ്യയില്‍ സംഘപരിവാര അജണ്ട പൂര്‍ത്തിയാകുന്നു

രാമജന്മഭൂമി സംരക്ഷണ പേരില്‍ ബാബരി മസ്ജിദ് തകര്‍ത്തു, വ്യാജ ചരിത്രം സൃഷ്ടടിച്ച്, കഥ മെനഞ്ഞ് വന്‍ കാലപത്തിലേക്ക് രാജ്യത്തെ കൊണ്ടു ചെന്നെത്തിച്ചു. ഒരു നുണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് സത്യമാണെന്നു വരുത്തി തീര്‍ത്തു. അവസാനം സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടി, രാജ്യത്തെയാകെ കബളിപ്പിച്ചു. ഇതൊക്കെയും രാജ്യത്തെ ജനങ്ങള്‍ക്ക് ഗതികെട്ട് സഹിക്കേണ്ടി വന്നു, കണ്ടു നില്‍ക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോവത്തെ ഈ നടപടി വല്ലാതെ കടുത്തു പോയെന്നു പറയാതെ വയ്യ. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളാണ് ഇന്ന് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മുഖ്യ ഭാരവാഹികളായിരിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഉണ്ടാക്കിയ ട്രസ്റ്റിന്റെ പ്രസിഡന്റായി വിശ്വഹിന്ദു പരിഷത്തിന്റെ രാമക്ഷേത്ര ന്യാസിന്റെ തലവന്‍ നൃത്യഗോപാല്‍ ദാസിനെയും ജനറല്‍ സെക്രട്ടറിയായി വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ചമ്പക് റായിയെയുമാണ് നിശ്ചയിച്ചത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളാണിവര്‍. ട്രസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്ന നൃത്യഗോപാല്‍ ദാസിനെ ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുനയിപ്പിച്ച് മുഖ്യ പദവി വാഗ്ദാനം ചെയ്തിരുന്നു. വിഎച്ച്പി നേതാവ് ജനറല്‍ സെക്രട്ടറിയാവുക കൂടി ചെയ്തതോടെ ഫലത്തില്‍ രാമക്ഷേത്ര പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയവര്‍ തന്നെ ക്ഷേത്രനിര്‍മാണത്തിനു ചുക്കാന്‍ പിടിക്കുകയാണെന്ന് വ്യക്തം.

ഐക്യകണ്ഠേനയാണ് നൃത്യഗോപാല്‍ ദാസിനെ തിരഞ്ഞെടുത്തത്. ട്രസ്റ്റിലെ മറ്റാര്‍ക്കും നൃത്യഗോപാല്‍ ദാസിനെ തഴയാനോ എതിര്‍ത്ത് ശബ്ദമുയര്‍ത്താനോ സാധിക്കില്ലായെന്നതും വ്യക്തമാണ്. കാരണം യോഗിയും അമിത് ഷായുമാണ് ഇദ്ദേഹത്തെ ഉയര്‍ത്തിപ്പിടിച്ച് മുന്നില്‍ തന്നെ നില്‍ക്കുന്നത്. ഇത് മാത്രമല്ല, ക്ഷേത്രവികസന സമിതിയുടെ ചെയര്‍മാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയെയാണ് തെരഞ്ഞെടുത്തത്. ഇദ്ദേഹം ട്രസ്റ്റില്‍ എക്സ് ഒഫിഷ്യോ അംഗമായി.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം രാമനവമി ദിനമായ ഏപ്രില്‍ രണ്ടിന് ആരംഭിക്കാന്‍ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രഥമ യോഗത്തില്‍ തീരുമാനമാകുകയും ചെയ്തിട്ടുണ്ട്. ട്രസ്റ്റ് അംഗം പേജാവര്‍ മഠാധിപതി സ്വാമി വിശ്വ പ്രസന്ന തീര്‍ഥയാണ് ഏപ്രില്‍ രണ്ട് എന്ന തീയതി പ്രഖ്യാപിച്ചത്. 15 ദിവസത്തിനു ശേഷം അയോധ്യയില്‍ ചേരുന്ന ട്രസ്റ്റിന്റെ അടുത്ത യോഗം അന്തിമ തീരുമാനമെടുക്കും. വിഎച്ച്പി രൂപകല്‍പന ചെയ്ത അതേ മാതൃകയിലായിരിക്കും ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുത്ത 67.703 ഏക്കര്‍ പൂര്‍ണമായി ഉപയോഗിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇതെല്ലാം കാണുമ്പോള്‍ സാധാരണക്കാരുടെ ഉള്ളിലൊരു ആളലാണ്. കാരണം മോദിയും ഷായും കൂടി രാജ്യത്തെ അവരുടെ ഏകാധിപത്യ നയങ്ങളുടെ വിളനിലമാക്കി മാറ്റുകയാണെന്ന് ഓരോ ദിവസവും തെളിയുകയാണ്. രണ്ട് ദിനോസറുകള്‍ രാജ്യത്തെ അപ്പാടെ വിഴുങ്ങുകയാണ് ചെയ്യുന്നത്. ഇവര്‍ സ്വപ്നം കണ്ടതും ഇതു തന്നെയാണ്.
ആര്‍എസ്എസ്, വിഎച്ച്പി അടക്കമുള്ള തീവ്ര ഹിന്ദുത്വവാദം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എന്തു വിലകൊടുത്തും ജനാധിപത്യത്തെ വിലക്കെടുക്കും എന്നതിന്റെ തെളിവുകളായി തന്നെ ഇതിനെ കാണണം….

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ത്തന്നെ രാമക്ഷേത്ര നിര്‍മാണത്തിനു കളമൊരുങ്ങുമ്പോള്‍, എ.ബി.വാജ്പേയിക്കും എല്‍.കെ.അഡ്വാനിക്കും സാധിക്കാതിരുന്നതു സംഘപരിവാറിനായി ചെയ്തവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെന്നാണ് ബിജെപി വിലയിരുത്തിയത്. മോദിയുടെയും ഷായുടെയും അപ്രമാദിത്തത്തിന് ആക്കംകൂട്ടുന്ന നടപടിയായും അയോധ്യാ വിധിയെ പാര്‍ട്ടിവൃത്തങ്ങള്‍ വിലയിരുത്തുകയുണ്ടായി. മുത്തലാഖ് നിയമം, കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കല്‍, രാമക്ഷേത്ര നിര്‍മാണം എന്നിങ്ങനെ സംഘപരിവാറിന്റെ ആവശ്യങ്ങളില്‍ ഭൂരിപക്ഷവും ഇവര്‍ സാധിച്ചുകൊടുത്തു, ജനങ്ങളുടെ അവകാശങ്ങളെ കൊള്ളയടിച്ചു കൊടുത്തു എന്നു തന്നെ പറയാം. അധികാര കസേരയില്‍ എത്തിയ ഘട്ടം മുതല്‍ക്കെ ആര്‍എസ്എസ്, സംഘപരിവാര്‍ നയങ്ങള്‍ക്കു വേണ്ടി മാത്രം, അവരുടെ അജണ്ടകള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിച്ചവരാണിവര്‍.

രാമജന്മഭൂമി ബിജെപിയെ വളര്‍ത്താനുള്ള മാര്‍ഗമാക്കാന്‍ അഡ്വാനി നടത്തിയ രഥയാത്രയുടെ അണിയറയിലെ മുഖ്യസൂത്രധാരന്‍മാരില്‍ ഒരാളായിരുന്നു ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാമജന്മഭൂമി അജണ്ടയുടെ കാര്യത്തില്‍ വേണ്ടതൊന്നും വാജ്പേയി ചെയ്തില്ലെന്ന വിലയിരുത്തല്‍ സംഘപരിവാറിനുണ്ടായിരുന്നു. അയോധ്യയില്‍ തര്‍ക്കമുള്ളതും ഇല്ലാത്തതുമായ ഭൂമി ഏറ്റെടുത്തുള്ള നിയമം 1993ലാണു പ്രാബല്യത്തിലായത്. ഈ നിയമത്തിലെ 4(3) വകുപ്പ് ഒഴികെയുള്ളവ ഭരണഘടനാപരമെന്ന് 1994ല്‍ സുപ്രീം കോടതി വ്യക്തമാക്കി.
എന്നാല്‍, തര്‍ക്കമില്ലാത്ത ഭൂമി വിട്ടുകൊടുക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്നു രാമജന്മഭൂമി ന്യാസ് 1996ല്‍ ആവശ്യപ്പെട്ടിരുന്നു. അന്നും 1998ലെയും 1999ലെയും വാജ്പേയി സര്‍ക്കാരുകളും അനുകൂല നടപടിയെടുത്തില്ല. തര്‍ക്കമുള്ളതും ഇല്ലാത്തതുമായ ഭൂമിയില്‍ തല്‍സ്ഥിതി തുടരണമെന്ന് 2003ല്‍ സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ സമീപനമാണ് അതിന് ഇടയാക്കിയതെന്നു പ്രസ്ഥാനത്തിനുള്ളില്‍ വിമര്‍ശനമുണ്ടായിരുന്നു.

2014ല്‍ ഹിന്ദുത്വ, രാമജന്മഭൂമി വിഷയങ്ങള്‍ പറഞ്ഞു വോട്ട് പിടിക്കാന്‍ മോദി താല്‍പര്യപ്പെട്ടില്ല. വികസനം, യുപിഎ സര്‍ക്കാരിന്റെ അഴിമതി തുടങ്ങിയവയായിരുന്നു പ്രചാരണ വിഷയങ്ങള്‍. പ്രധാനമന്ത്രിയായ ശേഷം, അയോധ്യാ വിഷയത്തില്‍ ഇടപെടുന്നതു മോദിയുടെ രാജ്യാന്തര പ്രതിഛായയ്ക്കു കോട്ടമുണ്ടാക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍, സംഘപരിവാറിന്റെ സമ്മര്‍ദം കണക്കിലെടുത്ത് രണ്ട് നടപടികളുണ്ടായി, 2016ലും കഴിഞ്ഞ ജനുവരിയിലും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്‍പ്, അയോധ്യയില്‍ രാമായണ മ്യൂസിയം സ്ഥാപിക്കുമെന്ന് 2016 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

തര്‍ക്കമില്ലാത്ത ഭൂമി ബന്ധപ്പെട്ട കക്ഷികള്‍ക്കു വിട്ടുനല്‍കാന്‍ അനുവദിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. അതും ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്. തല്‍സ്ഥിതി തുടരണമെന്ന 2003ലെ കോടതി നിര്‍ദേശം പരിഷ്‌കരിക്കണമെന്നാണ് അതിലൂടെ ഉദ്ദേശിച്ചത്. അയോധ്യ വിധി വന്നതോടെ അക്കാര്യത്തിലും കേന്ദ്രത്തിനു തീരുമാനമെടുക്കാന്‍ അനുമതിയായി. 2024നകം ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണു വിഎച്ച്പി വ്യക്തമാക്കിയിരിക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് ക്ഷേത്ര നിര്‍മാണത്തിനുള്ള തുക കണ്ടെത്താനുള്ള നടപടികളും തുടങ്ങി കഴിഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ തന്നെ ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നു. ജനങ്ങളെ കെട്ടിയിട്ടു ഭരിക്കുന്ന സര്‍ക്കാര്‍ നിയമങ്ങളെയും നിയമ വ്യവസ്ഥിതിയേയും കാറ്റില്‍ പറത്തുകയാണ്, അവയെ വിലയ്ക്കെടുക്കുകയാണ്. കലികാലം എന്ന് പറഞ്ഞ് ദീര്‍ഘശ്വാസം വിടാന്‍ മാത്രമേ ഇതൊക്കെ കണ്ട് സാധാരണക്കാരന് കഴിയുന്നുള്ളൂ എന്നതാണ് വിഷമകരം…

Vinkmag ad

Read Previous

ചൂല് കൊണ്ട് രാജ്യത്തെ വിറപ്പിച്ച അത്ഭുത മനുഷ്യന്‍; രാജ്യത്തെ ഞെട്ടിച്ച അരവിന്ദ് കേജ്‌രിവാള്‍ എന്ന വിപ്ലവകാരിയുടെ കഥ

Read Next

ദേശീയവാദം ഉപേക്ഷിക്കാൻ ആർഎസ്എസ്; ഹിറ്റ്ലറുടെ നാസിസത്തെ ഓർമ്മപ്പെടുത്തുന്നെന്ന് മോഹൻ ഭാഗവത്

Leave a Reply

Most Popular