ഹിന്ദുത്വ ഭീകരർ തകർത്ത ബാബരി മസ്ജിദിന് പകരമായി സുപ്രീം കോടതി വിധിച്ച സ്ഥലത്ത് ഒരു മസ്ജിദ് സമുച്ഛയം വരുന്നു. പള്ളി നിർമ്മിക്കുന്നതിനുള്ള രൂപകൽപ്പനയുടെ ഒരുക്കവും തുടങ്ങിക്കഴിഞ്ഞു.
ജാമിയ മില്ലിയ ഇസ്ലാമിയ വാസ്തുവിദ്യാ വിഭാഗം ഡീന്‍ പ്രൊഫ. എസ്എം അക്തറാണ് രൂപകൽപ്പന ഒരുക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കറില്‍ പള്ളിക്കൊപ്പം ആശുപത്രി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ബാബറി മസ്ജിദ്-രാമജന്മഭൂമി കേസില്‍ സുപ്രീം കോടതി തീര്‍പ്പിനെത്തുടര്‍ന്ന് ധന്നിപൂര്‍ ഗ്രാമത്തിലാണ് ഉത്തർപ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിനു അഞ്ചേക്കര്‍ അനുവദിച്ചിരിക്കുന്നത്. പകരമായി ലഭിച്ച ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളിസമുച്ചയം പ്രൊഫ. എസ്എം അക്തര്‍ രൂപകല്‍പ്പന ചെയ്യുമെന്ന് ജാമിയ പിആര്‍ഒ അഹമ്മദ് അസീം പറഞ്ഞു.
”മസ്ജിദ് ഉള്‍പ്പെടുന്ന സമുച്ചയവും മുഴുവന്‍ ഞാനാണു രൂപകല്‍പ്പന ചെയ്യുക. സമുച്ചയത്തില്‍ എന്താക്കെയുണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷേ ആശുപത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാനവികതയെയും സമൂഹത്തെയും സേവിക്കുക എന്നതാണ് അടിസ്ഥാന ആശയം. അതിനായി നമുക്ക് എന്തും നിര്‍മിക്കാന്‍ കഴിയും, ”അദ്ദേഹം പറഞ്ഞു.
