എറണാകുളം കോലഞ്ചേരിയില്‍ 75കാരിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി. അതിക്രമത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. മാറിടത്തില്‍ കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് പോലും ഗുരുതരമായി പരിക്കേറ്റു.
രണ്ടാം പ്രതി മനോജിന്റെ വീട് കേന്ദ്രീകരിച്ച് നടന്നിരുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങൾക്ക് വൃദ്ധ തടസമാകുന്നതാണ് അതിക്രമത്തിന് കാരണമെന്ന് കരുതുന്നു. വൃദ്ധയുടെ സാന്നിധ്യം അനാശാസ്യത്തിന് വിഘാതമായി. കേസിൽ മൂന്നുപേരെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ ഒന്നാം പ്രതി വാഴക്കുളം ചെമ്പറക്കി വാഴപ്പിള്ളി മുഹമ്മദ് ഷാഫി (50) ലോറി ഡ്രൈവറാണ്. സംഭവശേഷം ഒളിവില്‍ പോയ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെ പുത്തന്‍കുരിശ് സി.ഐയുടെ നേതൃത്വത്തില്‍ ചെമ്പറക്കിയില്‍നിന്നും ഓടിച്ചിട്ടുപിടികൂടുകയായിരുന്നു.
രണ്ടാം പ്രതി പാങ്കോട് ഇരുപ്പച്ചിറ ആശാരിമലയില്‍ മനോജ് (46), മൂന്നാം പ്രതി ഇയാളുടെ മാതാവ് ഓമന (66) എന്നിവരാണ്.ഒന്നും രണ്ടും പ്രതികള്‍ വയോധികയെ ആക്രമിക്കുന്നതിന് കൂട്ടുനിന്നതിനാണ് ഓമനയെ പ്രതിയാക്കിയത്. ഓമനയുടെ അടുത്ത് ഇടക്കിടെ വയോധിക എത്തുന്നത് മനോജ് പലപ്പോഴും എതിര്‍ത്തിരുന്നു.
സംഭവ ദിവസം വീട്ടിലെത്തിയ മനോജ് വയോധികയെ കണ്ടതോടെ ആക്രമിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഞായറാഴ്ച വൈകിട്ട് നാലിനാണ് പാങ്കോട് സ്വദേശിയായ എഴുപത്തഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു മാരകമായി മുറിവേല്‍പ്പിച്ച നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഓമനയുടെ വീട്ടിലെത്തിയ വയോധികയെ മുഹമ്മദ് ഷാഫി ബലാത്സംഗം ചെയ്തശേഷം ശരീരമാസകലം ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ മദ്യപിച്ച് എത്തിയ രണ്ടാം പ്രതി മനോജ് വയോധികയുടെ സ്വകാര്യ ഭാഗങ്ങളില്‍ കത്തികൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
മൂവ്വാറ്റുപുഴ ഡിെവെ.എസ്.പി. മുഹമ്മദ് റിയാസ്, പുത്തന്‍കുരിശ് പോലീസ് ഇന്‍സ്‌പെക്ടര്‍ സാജന്‍ സേവ്യര്‍, രാമമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ സൈജു കെ. പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് കോലഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഒരാളെ ചോദ്യം ചെയ്ത് ശേഷം വിട്ടയച്ചു.
അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന വയോധികയെ എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.എസ്. സുനില്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അടിയന്തര ചികിത്സാ ധനസഹായമായി അയ്യായിരം രൂപ അനുവദിച്ചു. ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബന്ധുക്കളെ അറിയിച്ചിട്ടുള്ളതായും ഓഫീസര്‍ പറഞ്ഞു.
