ഇന്ത്യ- ചൈന സംഘർഷത്തിൽ ഗൽവാൻ അതിർത്തിയിൽ ഇന്ന് ഇരുസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തും. ചൈന തടഞ്ഞുവെച്ച 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ സൈനികരെ കാണാതായിട്ടില്ല എന്നായിരുന്നു സൈന്യം പറഞ്ഞിരുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും.
ഒരു ലഫ്. കേണലും മൂന്ന് മേജർമാരും അടക്കം 10 സൈനികരെയാണു ഗൽവാനിൽ നിന്ന് ചൈന പിടികൂടിയതതെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ചൈനീസ് ആക്രമണത്തിൽ 76 ഇന്ത്യൻ സൈനികർക്കു പരുക്കേറ്റു. ഇവർ ലേയിലുള്ള സേനാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടെ, ഇന്ത്യ– ചൈന അതിർത്തിയിൽ സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഗൽവാനിലെ പട്രോൾ പോയിന്റ് 14ലുണ്ടായ സംഘർഷത്തിന്റെ പൂർണ ഉത്തരവാദിത്തം ചൈനയ്ക്കാണെന്ന നിലപാട് ചർച്ചയിൽ ഇന്ത്യ ആവർത്തിച്ചു. കടന്നുകയറ്റത്തിൽ നിന്നു ചൈന പൂർണമായി പിന്മാറാതെ, ഇന്ത്യൻ ഭാഗത്തെ സേനാ സന്നാഹം പിൻവലിക്കില്ലെന്നും വ്യക്തമാക്കി.
ഗൽവാൻ താഴ്‍വരയ്ക്കു മേൽ ചൈന ഉന്നയിച്ച അവകാശവാദം അതിരുകടന്നതാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ സൈനികർ അതിർത്തി ലംഘിച്ചു കടന്നുകയറിയതാണെന്ന വാദവുമായി ചൈന പ്രകോപനം തുടരുകയാണ്. ഇരുപക്ഷങ്ങൾക്കുമിടയിൽ പരസ്പരവിശ്വാസം പൂർണമായി നഷ്ടപ്പെട്ടെന്നും കിഴക്കൻ ലഡാക്ക് അതിർത്തിയിലുടനീളം സംഘർഷം മൂർധന്യാവസ്ഥയിലാണെന്നും കരസേനാ വൃത്തങ്ങൾ പറഞ്ഞു.
യുദ്ധസമാന സാഹചര്യങ്ങളിലെ പടയൊരുക്കമാണ് അതിർത്തി താവളങ്ങളിൽ ഇന്ത്യ നടത്തുന്നത്. ഗൽവാനിൽ കഴിഞ്ഞ ദിവസം നടത്തിയതു പോലുള്ള അപ്രതീക്ഷിത ആക്രമണങ്ങൾ ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത പാലിക്കാനുമാണ് അതിർത്തിയിലെ കമാൻഡർമാർക്കുള്ള സേനാ നേതൃത്വത്തിന്റെ നിർദേശം. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകിട്ട് അഞ്ചിനു സർവകക്ഷിയോഗത്തിൽ ചർച്ച ചെയ്യും
