തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും എൻഐഎ ഇന്ന് കൊച്ചിയിലെത്തിക്കും. സംഘം ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.
ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. ഇന്നു രാവിലെ റോഡ് മാർഗമാണ് പ്രതികളുമായി അന്വേഷണസംഘം ബെംഗളൂരുവിൽ നിന്ന് യാത്ര പുറപ്പെട്ടത്.
ബെംഗളൂരുവിലെ എൻഐഎ ഓഫീസിൽ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കൊച്ചിയിലെത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും. സ്വപ്‌നയുടെയും സന്ദീപിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മൂന്ന് വർഷത്തെ ബാങ്ക് ഇടപാടുകൾ പരിശോധിക്കും.
ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്‌ന. ഭർത്താവും മക്കളും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇവിടെനിന്നാണ് സ്വപ്‌നയെ എൻഐഎ പിടികൂടുന്നത്. രണ്ട് ദിവസം മുൻപാണ് സ്വപ്‌ന കൊച്ചിയിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്നത്. മെെസൂരിലെ മറ്റൊരു ഹോട്ടലിൽ നിന്നാണ് സന്ദീപ് നായരെ പിടികൂടുന്നത്.
കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായർ നാലാം പ്രതിയാണ്. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്.
പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
