സ്വർണ്ണക്കടത്ത് കേസിൽ യുഎഇയിൽ പിടിയിലായ ഫൈസൽ ഫരീദ് മലയാള സിനിമകൾക്ക് വേണ്ടി പണം ചെലവഴിച്ചതായി എൻഐഎക്ക് തെളിവ് ലഭിച്ചതായി റിപ്പോർട്ട്. നാല് ചിത്രങ്ങൾക്കായി പണം ചെലവഴിച്ചെന്നും അരുൺ ബാലചന്ദ്രൻ വഴിയായിരുന്നു പണം എത്തിച്ചതെന്നും സൂചന.
മലയാളത്തിലെ ഒരു ന്യൂജനറേഷൻ സംവിധായകൻ്റെയും, മുതിർന്ന സംവിധായകൻ്റെയും ചിത്രത്തിൻ്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ. കസ്റ്റംസും, എൻഐഎയും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ്.
ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ ഫൈസൽ ഫരീദിന് അറിവുണ്ടെന്നാണ് എൻഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തൽ.
അതേസമയം, ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിൻ്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു.
