ഫേസ്ബുക്കിൻ്റെ ബിജെപി ബാന്ധവം: പാർലമെൻ്ററി സമിതി നടപടി തുടങ്ങി

ഫേസ്ബുക്ക് സ്വീകരിച്ച ബിജെപി അനുകൂല നിലപാട് വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ പാര്‍ലമെന്ററി സമിതി നടപടി തുടങ്ങി. കോണ്‍ഗ്രസ് അംഗം ശശി തരൂര്‍ അധ്യക്ഷനായ വിവര സാങ്കേതിക കാര്യങ്ങള്‍ക്കുള്ള സമിതി ഫേസ്ബുക്ക് പ്രതിനിധികളെ വിളിപ്പിരിക്കുകയാണ്.

സപ്തംബര്‍ രണ്ടിന് ഇവര്‍ ഹാജരാകണം എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശം നടത്തിയപ്പോള്‍ മൗനം പാലിച്ചുവെന്നാണ് ഫേസ്ബുക്കിനെതിരായ ആരോപണം.

സോഷ്യല്‍ മീഡിയ വഴി ഇത്തരം പ്രചാരണം നടന്നാല്‍ നടപടിയെടുക്കുമെന്നാണ് ഫേസ്ബുക്ക് ചട്ടം. എന്നാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായില്ല. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വന്‍ കോളിളക്കമുണ്ടാക്കിയ വാര്‍ത്തയെ തുടര്‍ന്നാണ് പാര്‍ലമെന്ററി സമിതിയുടെ നടപടി.

ഫേസ്ബുക്ക് പ്രതിനിധികള്‍ക്ക് പുറമെ, വിവര സാങ്കേതിക മന്ത്രാലയത്തിലെ പ്രതിനിധികളോടും സപ്തംബര്‍ രണ്ടിന് ഹാജരാകാന്‍ സ്റ്റാന്റിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ദുരുപയോഗം എങ്ങനെ തടയാം എന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച അന്ന് നടക്കും. ഡിജിറ്റല്‍ രംഗത്തെ സ്ത്രീ സുരക്ഷ എന്ന വിഷയത്തിലൂന്നിയും ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര മന്ത്രാലയത്തിലെ പ്രതിനിധികളും അന്ന് ഹാജരുണ്ടാകും. കൂടാതെ, ബിഹാര്‍, കശ്മീര്‍, ദില്ലി സസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധകളോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രസാര്‍ ഭാരതി പ്രതിനിധികള്‍ എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ശശി തരൂര്‍ അധ്യക്ഷനായ സമിതി ഫേസ്ബുക്കിനെതിരെ നടപടി തുടങ്ങിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സമിതിയില്‍ അംഗമായ ബിജെപി പ്രതിനിധി നിഷികാന്ത് ദുബെ, ശശി തരൂരിനെ കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ അജണ്ട മുന്‍ നിര്‍ത്തിയാണ് തരൂര്‍ പ്രവര്‍ത്തിക്കുന്നതെന്നും ദുബെ ആരോപിച്ചു.

പാര്‍ലമെന്റ് സമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഫേസ്ബുക്കിനെതിരെ നടപടിയെടുക്കാന്‍ തരൂര്‍ തീരുമാനിച്ചതെന്നും ദുബെ ആരോപിച്ചു. കമ്മിറ്റിയുടെ ചട്ടങ്ങള്‍ ലംഘിച്ച് പ്രസ്താവന നടത്തിയ ദുബെക്കെതിരെ തരൂര്‍ അവകാശ ലംഘന നോട്ടീസ് നല്‍കി.

Vinkmag ad

Read Previous

ഒരു കേന്ദ്രമന്ത്രിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കേന്ദ്ര ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ആശുപത്രിയിൽ

Read Next

രാജ്യത്ത് കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 69,878 പേര്‍ക്ക് വൈറസ് ബാധ

Leave a Reply

Most Popular