ഫെമിനിസം, സ്വവര്‍ഗരതി, നിരീശ്വരവാദം എന്നിവ തീവ്രവാദ ആശയങ്ങളാണെന്ന് സൗദി അറേബ്യ. സൗദി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സിയാണ് ഇക്കാര്യം പറയുന്നത്. സഹിഷ്ണുത വളര്‍ത്താനും വിദേശികളെ ആകര്‍ഷിക്കാനും ശ്രമിക്കുമ്പോഴും യാഥാസ്ഥിതിക മുസ്ലിം രാജ്യം തന്നെയാണ് തങ്ങളെന്ന് ഊട്ടിയുറപ്പിക്കുകയാണ് സൗദി ഇതിലൂടെ. സെക്യൂരിറ്റി പ്രസിഡന്‍സിയുടെ അനിമേറ്റഡ് ക്ലിപ്പ് ട്വീറ്റിലാണ് ഇങ്ങനെ പറയുന്നത്. ഇസ്ലാമിലെ ഭിന്നധാരകളെ അവിശ്വാസികളായി ചിത്രീകരിക്കുന്ന തക്ഫീറിനെ കുറിച്ചും അനിമേറ്റഡ് ക്ലിപ്പില്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അവകാശം, പര്‍ദ്ദയില്ലാതെ പുറത്തിറങ്ങി നടക്കാനും പുരുഷ രക്ഷിതാവിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതുമായ മാറ്റവും കായിക മത്സരങ്ങള്‍ സ്റ്റേഡിയങ്ങളില്‍ പോയി കാണുവാനുള്ള അവകാശവുമെല്ലാം നല്‍കിക്കൊണ്ട് കൂടുതല്‍ ഉദാര നയസമീപനങ്ങള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിക്കുമ്പോളാണ്, വീണ്ടും യാഥാസ്ഥിതിക പരിപാടികളിലേയ്ക്ക് സൗദി പോകുന്നത്. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനായാണ് സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ വിപുലമായ പരിഷ്‌കരണ നടപടികള്‍ക്ക് സൗദി തുടക്കം കുറിച്ചത്. ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് നിരോധനം നീക്കുന്നതിന് ഒരാഴ്ച മുമ്പ് കഴിഞ്ഞ വര്‍ഷം ഒരു ഡസനിലധികം വനിതാ പ്രക്ഷോഭകാരികളെ സൗദി അറസ്റ്റ് ചെയ്തിരുന്നു. സൗദി നിയമപ്രകാരം സ്വവര്‍ഗരതിയും നിരീശ്വരവാദവും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
