ചെന്നൈ ഐ ഐ ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യക്ക് പിന്നില്‍ വര്‍ഗീയവാദികളായ ചില അധ്യാപകരെന്ന് സൂചന. മതത്തിന്റേ പേരില്‍ നിരന്തരമായി ഫാത്തിമ അപമാനിക്കപ്പെട്ടിരുന്നതായി സഹപാഠികളും മാതാപിതാക്കളും സാക്ഷ്യപ്പെടുത്തു.
ഫാത്തിമ ലത്തീഫിന് മതത്തിന്റെ പേരില്‍ കടുത്ത അധിക്ഷേപവും പീഡനവും അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. മൂന്ന് അധ്യാപകരുടെ പേര് തന്റെ ഫോണില്‍ കുറിച്ചിട്ടാണ് അവള്‍ സ്വന്തം മുറിയിലെ ഫാനില്‍ ജീവനൊടുക്കിയത്. പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതിന്റെ കാരണം മതാധിക്ഷേപവും അതിന്റെ പേരിലുള്ള അവഗണനയുമാണെന്ന് വ്യക്തമാക്കുകയാണ് കുടുംബം.
ഫാത്തിമയുടെ നോട്ട്സില്‍ ആദ്യം പറയുന്ന പേര് സുദര്‍ശന്‍ പത്മനാഭന്റേതാണ്. ലോജിക്ക് എന്ന വിഷയം പഠിപ്പിച്ചിരുന്ന സുദര്‍ശന്‍ ഫാത്തിമയുടെ മാര്‍ക്ക് മന:പൂര്‍വം കുറച്ചിരുന്നു. ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമക്ക് ലഭിച്ചത്. എന്നാല്‍ തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ അപ്പീല്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുന:പരിശോധനയില്‍ ഫാത്തിമക്ക് പതിനെട്ട് മാര്‍ക്ക് ലഭിക്കുകയും ചെയ്തു.
ഇതിന്റെ പേരില്‍ സുദര്‍ശന്‍ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതരമതക്കാരായ കുട്ടികള്‍ മികച്ച വിജയം സ്വന്തമാക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ മനസില്ലാത്ത അധ്യാപകന്‍ മന:പൂര്‍വം മാര്‍ക്ക് കുറച്ചതാണെന്ന സംശയവും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.
സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് ദലിത്- ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ കടുത്ത സമ്മര്‍ദത്തിലാവുന്നതെന്നും ആത്മഹത്യയിലേക്കു നയിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ തന്നെ വെളിപ്പെടുത്തുന്നു. ലൈംഗിക പീഡനങ്ങള്‍ അടക്കം വിദ്യാര്‍ഥികള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ തങ്ങളുടെ ഭാവി ഓര്‍ത്ത് വിദ്യാര്‍ഥികള്‍ മിണ്ടാതിരിക്കുകയാണെന്നും ഐ.ഐ.ടി മദ്രാസിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജീവനക്കാരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
‘സ്വയംഭരണ ക്യാംപസ് ആയതു കൊണ്ട് അവിടെ എന്തു സംഭവിച്ചാലും സമരം ചെയ്യാനോ, പ്രതിഷേധിക്കാനോ, പോസ്റ്റര്‍ ഒട്ടിക്കാനോ പാടില്ല. അങ്ങനെ ചെയ്താല്‍ അവരെ കുറച്ച് കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യും. പിന്നെ അവരുടെ ഭാവി അതോടെ തകരും. കാരണം, അവന്റെ ഭാവി എന്താകണമെന്ന് തീരുമാനിക്കുന്നതും മാര്‍ക്കിടുന്നതും എല്ലാം ഇവിടുത്തെ അധ്യാപകരാണല്ലോ. ലൈംഗിക പീഡനം, അപമാനിക്കല്‍ എല്ലാം നടക്കാറുണ്ട്. എന്നാല്‍ അതൊന്നും പുറംലോകം അറിയാറില്ല. പരാതിയുമായി പൊലിസില്‍ പോയാല്‍ പോലും കാര്യമില്ല. അത് ഒതുക്കാന്‍ രാഷ്ട്രീയ മേല്‍ക്കൈ ഉപയോഗിക്കും. ഈ സംഭവം പുറത്തുവന്നത്, ആത്മഹത്യാക്കുറിപ്പ് എഴുതിയതു കൊണ്ടു മാത്രമാണ്. അല്ലെങ്കില്‍ ആരും അറിയില്ല’- അദ്ദേഹം പറഞ്ഞു.
2016 ജനുവരി 17ന് ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയും സമാനമായ ജാതീയധിക്ഷേപങ്ങളാണ് അധ്യാപകരില്‍ നിന്നും അധികാരികളില്‍ നിന്നും നേരിട്ടിരുന്നത്.
