പൗരത്വ സമരത്തിൻ്റെ പേരിൽ അസമിലെ ഗുവഹാത്തി സെന്‍ട്രല്‍ ജയിലില്‍ തടവിൽ കഴിയുന്ന ജെഎന്‍യു ഗവേഷണ വിദ്യാര്‍ത്ഥിയും ഷഹീന്‍ബാഗ് സമരത്തിന്‍റെ നേതാവുമായ ഷര്‍ജീല്‍ ഇമാമിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ജയില്‍ മാറ്റ നടപടി ക്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഷർജീൽ ഇമാമിനെ ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഒരു പ്രസംഗത്തിന്‍റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി 5 സംസ്ഥാനങ്ങള്‍ കേസെടുക്കുകയും തുടർന്ന് അറസ്റ്റിലായ അദ്ദേഹത്തെ ജയിലിലടക്കുകയുമായിരുന്നു.
കോവിഡ് ബാധിച്ചതോടെ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് പകര്‍ച്ച കാലത്ത് തടവുകാര്‍ക്കും രോഗം ബാധിക്കുന്ന സാഹചര്യം തിരിച്ചറിഞ്ഞു വളരെ നേരത്തെ തന്നെ സുരക്ഷക്കായി സഹതടവുകാരന്‍ അഖില്‍ ഗോഗോയും ഷര്‍ജീലും ഉള്‍പ്പെടെയുള്ളവര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
കോവിഡ് മഹാമാരിയെ രാഷ്ട്രീയ പ്രതിയോഗികളോട് കണക്ക് തീർക്കുന്നതിനുള്ള മാർഗ്ഗമായി സർക്കാർ ഉപയോഗിക്കുന്നതായി വിമർശനം ഉയരുകയാണ്. 80 വയസ്സോളം പ്രായമുള്ള കവി വരവര റാവുവിനെയും ജയിലിൽ കോവിഡ് ബാധിച്ചതിനാൽ ആശുപത്രിയിലാക്കിയിരിക്കുകയാണ്.
