2019 ഡിസംബര്‍ ഒന്‍പതിനാണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. അതിനു ശേഷം രാജ്യം ഇന്ന് ഈ നിമിഷം വരെ ശാന്തമായിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിരവധി ചരിത്ര പ്രക്ഷോഭങ്ങള്‍ക്കാണ് ഇതുവരെ രാജ്യം സാക്ഷ്യം വഹിച്ചത്. സിഎഎ പാസാക്കിയതിനു ശേഷമുള്ള സാഹചര്യങ്ങളെ വിലയിരുത്തിയുള്ള ഒരു റിപ്പോര്‍ട്ടിപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷമുള്ള 79 ദിവസങ്ങളിലെ റിപ്പോര്‍ട്ട് ദ ഹിന്ദുവാണ് പുറത്തുവിട്ടിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളത്രയും രാജ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. 79 ദിവസങ്ങള്‍ക്കൊണ്ട് കൊല്ലപ്പെട്ടത് 69 പേരാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ ഉള്‍പ്പടെ 43 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഉത്തര്‍പ്രദേശില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് പൊലീസ് വെടിവയ്പ്പിലാണ്.
അസമില്‍ ആറു പേരും കര്‍ണാടകയില്‍ രണ്ടുപേരും പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് ശേഷം കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമം, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളായിരുന്നു നടന്നത്. സെന്‍സസ് കണക്കെടുപ്പിനൊപ്പം ഏപ്രിന്‍ ഒന്നുമുതല്‍ തന്നെ തുടങ്ങാനിരുന്ന എന്‍പിആര്‍ നടപടികള്‍ക്കെതിരെ നിരവധി സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാറുകള്‍ ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. 2003 ലെ പൗരത്വ നിയമപ്രകാരം എന്‍ആര്‍സി നടപടികളുടെ ആദ്യപടിയായിട്ടാണ് എന്‍പിആറിനെ കണക്കാക്കുന്നത്.
അതിനിടെ, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍ വിഷയത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. 2014ല്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യത്ത് മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡിസംബര്‍ 22 നായിരുന്നു മോദിയുടെ ഈ പ്രതികരണം. എന്നാല്‍ ഡിസംബര്‍ ഒന്‍പതിന് ലോക്സഭയില്‍ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ ‘രാജ്യത്ത് എന്‍ആര്‍സി നടപ്പിലാക്കേണ്ടതുണ്ട്, ബിജെപിയുടെ പ്രകടന പത്രികയിലുള്ള കാര്യമാണ് അത്’ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. സഖ്യകക്ഷികള്‍ തന്നെ എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ എന്‍ആര്‍സിയുടെ കാര്യത്തില്‍ ബിജെപി അല്‍പം പിന്നാക്കം പോയ അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതെല്ലാം ചൂണ്ടിക്കാട്ടി വിശദമായി ഒരു റിപ്പോര്‍ട്ടാണ് ദ ഹിന്ദു പുറത്തു വിട്ടിരിക്കുന്നത്.
മതത്തിന്റെ പേരിലുള്ള സര്‍ക്കാരിന്റെ അഴിഞ്ഞാട്ടമാണ് ഇതില്‍ വ്യക്തമാകുന്നത്. സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് ദേശീയ പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കിയതിന് ശേഷം രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അരങ്ങേറിയത്. നിയമം നടപ്പില്‍ വന്നിട്ട് രണ്ടര മാസം പിന്നിട്ടെങ്കിലും ഇപ്പോഴും പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്.
നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിനടക്കം രാജ്യം സാക്ഷ്യം വഹിച്ചു. ഡല്‍ഹി കലാപത്തിലെ മരണസംഖ്യ നാല്‍പ്പതിനു മുകളിലാണ്. ഇവിടെ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി എന്നു പറയുമ്പോഴും ഇതൊരു സംഘപരിവാര്‍ സ്പോണ്‍സേഡ് കലാപമാണെന്നതില്‍ യാതൊരു സംശയവുമില്ല. മാത്രമല്ല സിഎഎയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് ബലപ്രയോഗം പലയിടത്തും ഏറ്റുമുട്ടലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടവച്ചത് ആദ്യഘട്ടം മുതല്‍ക്കേ രാജ്യം കണ്ടതാണ്. വിദ്യാര്‍ഥികളെ ക്യാമ്പസിനുള്ളില്‍ വരെ അതിക്രമിച്ചു കയറി തല്ലിച്ചതയ്ക്കുകയാണ് ചെയ്തത്.
ഇതിനെല്ലാം ശേഷം ഇപ്പോള്‍ ദ ഹിന്ദു പോലുള്ള ദേശീയ മാധ്യമം സിഎഎയ്ക്കു ശേഷമുള്ള 79 ദിവസങ്ങളുടെ ഒരു റിപ്പോര്‍ട്ട് പുറത്തു വിടുമ്പോഴും വളരെ വ്യക്തമായി കാണാനാവുന്നത് ഇത് മതത്തിന്റെ പേരില്‍ ഒരു വന്‍ കലാപം രാജ്യത്ത് സൃഷ്ടിക്കാന്‍ സംഘപരിവാര്‍ മുന്നിട്ടിറങ്ങി നടത്തിയ അക്രമം തന്നെയാണെന്നാണ്. അതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം ബലിയാടായവരാണ് 69 പേര്‍. ഈ പാപങ്ങള്‍ക്കെല്ലാം മോദിയും അമിത് ഷായും ഉത്തരം പറയേണ്ടുന്ന ഒരു ദിവസം വരും. അന്ന് ഈ കണക്കുകള്‍ നിരത്തി എണ്ണിയെണ്ണി ജനാധിപത്യ മൂല്യബോധമുള്ള ജനത പകരം ചോദിക്കുക തന്നെ ചെയ്യും…
Source: B4Blaze
