പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തവരുടെ ജാമ്യം റദ്ദാക്കി വീണ്ടും അഴിക്കുള്ളിലാക്കാന്‍ യോഗി സര്‍ക്കാരിന്റെ നീക്കം. യുപിയില്‍ നിരന്തരമായ കൊലപാതകങ്ങളും കൊള്ളയും പീഡനവും മൂലം യുപി സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാനക്കേടായിരിക്കുന്ന സാഹചര്യത്തിലാണ് ക്രിമിനലുകളെ പിടികൂടാതെ സിഎഎ വിരുദ്ധ സമരക്കാരെ നേരിടാന്‍സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരായ പ്രക്ഷോഭത്തില്‍ പങ്കാളികളായ മൂന്നുപേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ ലക്നോ കോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവും ആക്റ്റിവിസ്റ്റുമായ സദഫ് ജാഫര്‍, സ്റ്റേജ് ആര്‍ട്ടിസ്റ്റ് ദീപക് മിശ്ര എന്ന ദീപക് കബീര്‍, അഭിഭാഷകന്‍ മുഹമ്മദ് ഷോയിബ് എന്നിവര്‍ക്കെതിരേയാണ് കോടതിയെ സമീപിച്ചത്.
ഹരജി സ്വീകരിച്ച ലഖ്നോ സെഷന്‍സ് കോടതി ജഡ്ജി മൂന്നുപേര്‍ക്കും സമന്‍സ് അയക്കുകയും സപ്തംബര്‍ 5നു അടുത്ത വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്തു. പ്രതിഷേധത്തിനിടെ നാശനഷ്ടമുണ്ടായെന്ന് ആരോപിച്ച് യോഗി സര്‍ക്കാര്‍ നിരവധി പേര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തി ജയിലിലടയ്ക്കുകയോ കേസെടുക്കുകയോ ചെയ്തിരുന്നു. ഇതില്‍ ജാമ്യം ലഭിച്ചവരെയും വേട്ടയാടുന്ന സമീപനമാണ് യോഗി സര്‍ക്കാര്‍ നടത്തുന്നത്.
2019 ഡിസംബര്‍ 19ന് പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനു(എന്‍ആര്‍സി)മെതിരേയുണ്ടായ പ്രതിഷേധത്തിനിടെ നാശനഷ്ടമുണ്ടായെന്ന് ആരോപിച്ച് കേസെടുത്ത 57 പേരില്‍ ഇവരുടെ പേരും ഉള്‍പ്പെട്ടിരുന്നു. മാത്രമല്ല, പ്രതിഷേധക്കാരുടെ പേര്, ഫോട്ടോ, വിലാസം എന്നിവ ഈ വര്‍ഷം ആദ്യം ലക്നോയില്‍ ഹോര്‍ഡിങുകളില്‍ സ്ഥാപിച്ച് പരസ്യപ്പെടുത്തിയത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.
മുഹമ്മദ് ഷോയിബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍, ജനുവരി 15നു ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടില്ലെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് ജനുവരി 30ന് ഗാന്ധി ജയന്തി ദിനത്തില്‍ ഹുസൈനാബാദ് ക്ലോക്ക് ടവര്‍ പ്രതിഷേധത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയതിനു നേതൃത്വം നല്‍കി എന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം.
സംഭവത്തില്‍ ലക്നോ പോലിസ് കേസെടുത്ത 13 പേരില്‍ ഒരാളാണ് അഡ്വ. ഷോയ്ബ് മുഹമ്മദെന്നും ഇദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയില്ലെങ്കില്‍ നിയമവിരുദ്ധ പ്രതിഷേധങ്ങളിലും ധര്‍ണയിലും പങ്കെടുക്കുകയും പൊതുജീവിതത്തിന് നാശമുണ്ടാക്കുമെന്നുമാണ് യുപി സര്‍ക്കാരിന്റെ വാദം. എന്നാല്‍, ക്ലോക്ക് ടവറിലെ മെഴുകുതിരി മാര്‍ച്ചില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നും മുഹമ്മദ് ഷോയിബ് പറഞ്ഞു. സാമുദായിക ധ്രുവീകരണമുണ്ടാക്കാനും ഭരണപരാജയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ശ്രമമെന്ന് സദഫ് ജാഫര്‍ ആരോപിച്ചു.
