പൗരത്വഭേദഗതി നിയമത്തിനെതിരായി ശക്തമായ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശിയ തലത്തില്‍ സമരം ശക്തമാക്കാന്‍ നാഷ്ണല്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഭരണഘടന സംരക്ഷിക്കാനും തുല്ല്യ നീതിക്കും വേണ്ടി രാഷ്ട്രീയമായും നിയമപരമായുമുള്ള പോരാട്ടം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
വിദ്യാസമ്പന്നരായ യുവാക്കളാണ് പ്രക്ഷോഭവുമായി രംഗത്തു വന്നിരിക്കുന്നത്. കേന്ദ്ര സര്‍വ്വകലാശാലകളായ ജെ.എന്‍.യുവിലും ജാമിഅയിലും പഠിക്കുന്ന മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളെ നേരില്‍ സന്ദര്‍ശിച്ചപ്പോള്‍ വേദനാജനകമായ കാഴ്ചയാണുണ്ടായത്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യവും മതേതരത്വവും ഹനിക്കുന്ന രീതിയിലുള്ള കിരാത നടപടിക്കെതിരെയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനെയാണ് ബി.ജെ.പി ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന് ദേശിയ കമ്മിറ്റി ചൂണ്ടികാട്ടി.
രാജ്യത്തിന്റെ കെട്ടുറപ്പിനെ നഷ്ടപ്പെടുത്തുന്ന സമീപനമാണ് പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ബി.ജെ.പി ഭരണകൂടം സ്വീകരിക്കുന്നത്. സമാധാനപരമായ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കുനേരെ കര്‍ണാടകയിലും യു.പിയിലും പോലീസ് നീചമായ വെടിവെപ്പാണ് നടത്തിയത്. അവരുടെ കുടുംബങ്ങള്‍ക്ക് നിയമപരമായും സാമ്പത്തികമായും സഹായം നല്‍കാന്‍ ദേശീയ സമിതി തീരുമാനിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ ഇരകള്‍ക്കും എല്ലാ വിധ സഹായവും എത്തിക്കും. ആസാമിലെ പൗരത്വ ഇരകള്‍ക്ക് നിയമ സഹായം നല്‍കുന്നത് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകും. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന മുസ്ലിംലീഗ് ലോയേഴ്സ് ഫോറം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. അഡ്വ.ഹാരിസ് ബീരാന്‍ കണ്‍വീനറായി അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റിലും സുപ്രീം കോടതിയിലും രാജ്യത്താകമാനമുള്ള പ്രക്ഷോഭങ്ങളിലും മുസ്ലിംലീഗ് നിതാന്ത ജാഗ്രതയോടെയും വിട്ടുവീഴ്ചയില്ലാതെയും മുന്നോട്ടു പോകുന്നതില്‍ യോഗം മതിപ്പു രേഖപ്പെടുത്തി.
ദേശീയ രാഷട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നന്ദി പറഞ്ഞു.
