രാജ്യത്ത് പൗരത്വ നിയമം പാസാക്കിയതോടെ വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും വര്‍ധിച്ചതായി യു.എന്‍ പ്രതിനിധി. യു.എന്‍ വംശഹത്യാ പ്രതിരോധ ഉപദേഷ്ടാവ് അഡമ ഡീങ്ക് (Adama Dieng) ആണ് സി.എ.എ ന്യൂനപക്ഷ വിവേചനവും വിദ്വേഷ പ്രസംഗങ്ങളും വര്‍ധിച്ചതായി വ്യക്തമാക്കിയത്. പൗരത്വ നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന ഉദ്ദേശ്യം അഭിനന്ദനാര്‍ഹമാണ് പക്ഷെ ഈ സംരക്ഷണത്തില്‍ മുസ്‌ലിംകളടക്കമുള്ള എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്(പൗരത്വ നിയമം) അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ പ്രകാരം വിവേചനരഹിതമായ ഇന്ത്യയുടെ ചുമതലക്കെതിരാണെന്നും അഡമ ഡീങ്ക് പറഞ്ഞു. നേരത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുതല്‍ മനുഷ്യാവകാശ തലവന്‍ വരെയുള്ളവര്‍ പൗരത്വ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു. ഈ അഭിപ്രായനിരയിലേക്ക് ഐക്യപ്പെട്ട് കൊണ്ടുള്ള തീരുമാനമാണ് യു.എന്‍ വംശഹത്യാ പ്രതിരോധ ഉപദേഷ്ടാവ് അഡമ ഡീങ്കിന്റേത്. ഇതിന് മുമ്പ് യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ മിഷേല്‍ ബാഷലെറ്റ് സുപ്രീം കോടതിയില്‍ പൗരത്വ നിയമത്തിനെതിരെ കക്ഷിചേര്‍ന്നിരുന്നു.
2019 ഡിസംബറിലാണ് പൗരത്വ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത്. 2019 -ലെ ഏറ്റവും പുതിയ ഭേദഗതി പ്രകാരം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ വിവേചനം നേരിട്ട് പലായനം ചെയ്തുവരുന്ന, 2014 ഡിസംബര്‍ 31 -നു മുമ്പ് ഇന്ത്യയിലെത്തി ഇവിടെ താമസമാക്കിയിട്ടുള്ള, ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, സിഖ്, ബുദ്ധ മതങ്ങളില്‍ പെട്ട പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ മുസ്‌ലിംകളായവര്‍ക്ക് പൗരത്വ പട്ടികയില്‍ ഇടമില്ല എന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം തന്നെ രാജ്യത്ത് അലയടിച്ചു.
