ഇന്ത്യന്‍ പൗരന്‍മാരെല്ലെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത ദമ്പതികളെ കോടതി വിട്ടയച്ചു. വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന കുടുംബത്തെ പ്രദേശിക സംഘപരിവാര സംഘടനകളുടെ ആരോപണമനുസരിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ മന്‍ഖുര്‍ദിലെ ഗാലി നമ്പര്‍ 03, ശാന്തി നഗര്‍ സോപാദ്പട്ടി നിവാസികളായ അബ്ബാസ് ലാല്‍മിയ ഷെയ്ഖ് (45), ഭാര്യ റാബിയ ഖത്തുന്‍ അബ്ബാസ് ഷെയ്ക്ക് (40) എന്നിവരെയാണ് 2017 മാര്‍ച്ചില്‍ പ്രാദേശിക പോലീസ് അറസ്റ്റ് ചെയ്തത്.
ദമ്പതികള്‍ക്ക് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് , വോട്ടര്‍ ഐഡി എന്നിവയുണ്ടായിട്ടും വെറും ആരോപണത്തിന്റെ പേരില്‍ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ കൈവശമുള്ള രേഖകള്‍ പൗരത്വത്തിന് മതിയായ രേഖകളാണെന്ന് കോടതി കണ്ടെത്തിയതോടെയാണ് ഇവരെ വിട്ടയച്ചത്
ചില ”ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍” മുംബൈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടിണിമൂലം ബംഗ്ലാദേശില്‍ നിന്ന് ഈ ദമ്പതികള്‍ ഇന്ത്യയിലേയ്ക്ക് കുടിയേറിയതാണെന്ന് പോലീസ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞില്ല. എന്നാല്‍ തങ്ങള്‍ ഇന്ത്യയില്‍ വര്‍ഷങ്ങളായി ജീവിക്കുന്നവരാണെന്നും പൗരന്‍മാരാണെന്നും തെളിയിക്കുന്ന നിരവധി രേഖകള്‍ ദമ്പതികള്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ബംഗ്ലാദേശിലെ ദാരിദ്ര്യവും പട്ടിണിയും കാരണം ദമ്പതികള്‍ അനധികൃത വഴിയിലൂടെ ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ചതായി പോലീസ് ആരോപിച്ചു
”ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ പൊതു അതോറിറ്റി നല്‍കിയ രേഖകളാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. തെളിവുകളില്‍ അവ അനുവദനീയമാണ്, ”ജഡ്ജി എ എച്ച് കാശിക്കര്‍ പറഞ്ഞു.
