പൗരത്വം ഉപേക്ഷിക്കാൻ അമേരിക്കക്കാർ; ട്രംപ് ഭരണത്തിൽ അസംതൃപ്തരായി ജനം നാട് വിടുന്നു

അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ അമേരിക്കക്കാർ. അമേരിക്കയിൽ നിലനിൽക്കുന്ന വിവിധ രാഷ്ട്രീയ സാഹചര്യങ്ങളാണ് യുഎസ് പൗരത്വം ഉപേക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ട്. അമേരിക്കക്കാരായിരിക്കാൻ അതൃപ്തിയുള്ളവരായി ജനം മാറുകയാണ്.

ലോകത്തിലെ ഏതൊരു പൗരൻ്റെയും സ്വപ്നമെന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കൻ പൗരത്വത്തിന് വിലയിടിയുകയാണ്. 2020 ന്റെ ആദ്യ ആറു മാസത്തില്‍ 5,800 അമേരിക്കക്കാരാണ് പൗരത്വം വേണ്ടെന്നുവച്ചത്. 2019-ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ ആകെ എണ്ണം 2072 മാത്രമായിരുന്നു. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബാംബ്രിജ് അക്കൗണ്ടൻ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

ഓരോ മൂന്നു മാസത്തിലും സര്‍ക്കാര്‍ പുറത്തുവിടുന്ന രേഖകള്‍ പരിശോധിച്ചാണ് പൗരത്വം ഉപേക്ഷിച്ചവരെ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങളില്‍ അസംതൃപ്തരായി ഇവരെല്ലാം അമേരിക്ക വിട്ടുവെന്ന് സ്ഥാപനത്തില്‍ പങ്കാളിയായ അലിസ്റ്റര്‍ ബാംബ്രിജ് അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, കൊറോണ വ്യാപനം കൈകാര്യം ചെയ്ത രീതി, യുഎസില്‍ ഇപ്പോഴുള്ള രാഷ്ട്രീയ നയങ്ങള്‍ എന്നിവയാണ് പലരെയും പൗരത്വം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.

നികുതി പ്രശ്‌നങ്ങളും കാരണമാകുന്നുണ്ട്. വിദേശത്തു താമസിക്കുന്ന അമേരിക്കക്കാരെല്ലാം പ്രതിവര്‍ഷം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. വിദേശ അക്കൗണ്ടുകള്‍, നിക്ഷേപം, പെന്‍ഷന്‍ എന്നിവയുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം.

പൗരത്വം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2,350 ഡോളര്‍ നല്‍കണം. അവര്‍ അമേരിക്കയിലില്ലെങ്കില്‍ ഇപ്പോഴുള്ള രാജ്യത്തെ യുഎസ് എംബസിയില്‍ ഹാജരായി ഇക്കാര്യം അറിയിക്കുകയും വേണം. ഇത്തരം കടമ്പകള്‍ ഉണ്ടെങ്കിലും പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നവംബറിലെ തിരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് അറിയാനാണ് നിരവധി പേര്‍ കാത്തിരിക്കുന്നത്. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ കൂടുതല്‍ പേര്‍ പൗരത്വം ഉപേക്ഷിക്കുമെന്നാണു കരുതുന്നതെന്ന് അലിസ്റ്റര്‍ പറഞ്ഞു.

Vinkmag ad

Read Previous

കരിപ്പൂർ രക്ഷാപ്രവർത്തനം: ക്വാറൻ്റെെനിൽ പോകേണ്ടി വന്നവർക്ക് സാമ്പത്തിക പിന്തുണയുമായി പ്രവാസി വ്യവസായി

Read Next

അമേരിക്കൻ വൈസ്പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഇന്ത്യൻ വംശജ മത്സരിക്കും; പ്രഖ്യാപനവുമായി ഡെമോക്രാറ്റ് പ്രസിഡൻ്റ് സ്ഥാനാർത്ഥി

Leave a Reply

Most Popular