തബ്‌ലീഗ് പ്രവർത്തകർ രക്തം ദാനം ചെയ്തതിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി കർണാടക സർക്കാർ. മുഹമ്മദ് മുഹ്‌സിന്‍റെ ട്വീറ്റിനെ കർണാടക സർക്കാർ അധികൃതർ വിമർശിച്ചിരുന്നു
കോവിഡ് മുക്തരായ തബ്‌ലീഗ് പ്രവര്‍ത്തകര്‍ പ്ലാസ്മ ദാനം നടത്തിയതിനെ അഭിനന്ദിച്ചാണ് മുഹ്‌സിന്‍ ട്വീറ്റ് ചെയ്തത്. ‘മുന്നൂറിലേറെ തബ്‌ലീഗീ ഹീറോകള്‍ രാജ്യത്തെ സേവിക്കാന്‍ വേണ്ടി പ്ലാസ് ദാനം ചെയ്തിരിക്കുന്നു. മീഡിയ എന്തു പറയുന്നു? ഈ ഹീറോകള്‍ ചെയ്യുന്ന മാനുഷിക പ്രവര്‍ത്തനങ്ങളെ അവര്‍ കാണിക്കില്ല’- മുഹമ്മദ് മുഹ്‌സിന്‍ ട്വീറ്റ് ചെയ്തു.
ഇതിനെതിരെയാണ് കാരണം കാണിക്കല്‍ നോട്ടീസ്. കാരണം കാണിക്കാന്‍ അദ്ദേഹത്തിന് അഞ്ചു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ഓള്‍ ഇന്ത്യ സെര്‍വീസ് റൂള്‍ (1968) പ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിക്കാന്‍ ഉത്തരവിട്ട ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‌സിന്‍. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ കുറച്ച് കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഡല്‍ഹി നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പിടിപെട്ടിരുന്നു. ഇതിനു പിന്നാലെ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് നടന്നത്.
